കോവിഡ് 19 മുന്നണി പോരാളികള്‍ക്ക് സ്‌നേഹാദരവ്
തവനൂര്‍: ഗ്രാമപഞ്ചായത്ത് അയങ്കലത്ത് സംഘടിപ്പിച്ച കോവിഡ് 19 മുന്നണി പോരാളികള്‍ക്ക് സ്‌നേഹാദരവ് പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ടെങ്കിലും മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നത് കുറ്റമറ്റ ചികിത്സ രീതികള്‍ കൊണ്ടാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടല്‍ വിസ്മരിക്കാനാവില്ലെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നിലുണ്ടായിരുന്നുവെന്നും ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഏറ്റവും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുഭദ്രം തവനൂര്‍ പരിപാടിയുടെ ഭാഗമായാണ് പഞ്ചായത്ത് കോവിഡ് പോരാളികളെ ആദരിച്ചത്.
ചടങ്ങില്‍ ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡണ്ടും ട്രാവന്‍കൂര്‍, കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡണ്ടും തവനൂര്‍ സ്വദേശിയുമായ ഡോ. വി.ജി. പ്രദീപ് കുമാറിനെ മന്ത്രി ആദരിച്ചു. ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ ഉള്‍പ്പെടെ പഞ്ചായത്തിലെ വിവിധ വകുപ്പിലെ ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുടംബശ്രീ, ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ തുടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായവരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കിയ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അബ്ദുള്ള നാസറിനെയും മന്ത്രി ആദരിച്ചു.