മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് 383 പേര്‍ക്ക് രോഗബാധ; 554 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 370 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധിതരായവര്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് രോഗബാധിതരായി ചികിത്സയില്‍ 3,894 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 21,037 പേര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണത്തില്‍ നേരിയ കുറവ്. ബുധനാഴ്ച (ഫെബ്രുവരി മൂന്ന്) 383 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 370 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും നാല് പേര്‍ ഉറവിടമറിയാതെ രോഗബാധിതരായവരുമാണ്. രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

 

രോഗവ്യാപനത്തില്‍ കുറവുണ്ടായതിന് തുടര്‍ച്ചയായി കൂടുതല്‍ പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായത് ആശ്വാസകരമാണ്. 554 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 1,02,368 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 21,037 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,894 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 252 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 107 പേരും കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 74 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. 542 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ ഇതുവരെ മരണമടഞ്ഞത്.