വട്ടപ്പാറയിലെ അപകടഭീതിക്ക് വിരാമമാവുന്നു: കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് പ്രവൃത്തികള്‍ പുരോഗതിയില്‍

കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കഞ്ഞിപ്പുര മുതല്‍ മൂടാല്‍ വരെയുള്ള ആറ് കിലോമീറ്ററോളം റോഡിന്റെ പ്രവൃത്തിയാണ് നടക്കുന്നത്. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതോടൊപ്പം പരമാവധി വളവുകള്‍, ചെങ്കുത്തായ കയറ്റിറക്കങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് ബൈപ്പാസിന്റെ നിര്‍മാണം.

കഞ്ഞിപ്പുരയില്‍ നിന്നും ആരംഭിച്ച ബൈപ്പാസ് റോഡിന്റെ പ്രവൃത്തി അമ്പലപ്പറമ്പ് വരെയുള്ള ഭാഗങ്ങളിലെ റോഡ് കട്ടിങും ഫില്ലിങും ഉള്‍പ്പടെ നടത്തി പുരോഗമിക്കുകയാണ്. കഞ്ഞിപ്പുരയ്ക്കും അമ്പലപ്പറമ്പിനുമിടയിലുള്ള പരമാവധി വളവുകള്‍ ഒഴിവാക്കുന്നതിനായി 250 മീറ്ററോളം പുതിയ റോഡ് നിര്‍മിക്കുകയാണ് ചെയ്യുന്നത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതകാലുകള്‍ നീക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. റോഡ് ഫോര്‍മേഷന്‍, റോഡ് കട്ടിങ്, റോഡ് സമതലപ്പെടുത്തുന്നതുള്‍പ്പടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ ടാങ്കര്‍ ലോറികള്‍ ഉള്‍പ്പടെ ചരക്ക് വാഹനങ്ങള്‍ക്ക് വട്ടപ്പാറ വളവ് ഒഴിവാക്കി ഈ പാത ഉപയോഗിക്കാനാകും. തൃശൂര്‍ – കോഴിക്കോട് ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വളാഞ്ചേരിയില്‍ പ്രവേശിക്കാതെ പോകാമെന്നതുമാണ് മറ്റൊരു പ്രധാന നേട്ടം.

ബൈപ്പാസിനായി 15 മീറ്ററോളം വീതിയിലാണ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയത്. സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ട പരിഹാര തുകയുടെ വിതരണം പൂര്‍ത്തിയാക്കി നവംബര്‍ ആറിനാണ് കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.