വിദേശത്തേക്കു കടത്താൻ ശ്രമിച്ച അഞ്ചുകിലോ കഞ്ചാവും 800 ഗ്രാം സ്വർണവും പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി വിദേശത്തേക്കു കടത്താൻ ശ്രമിച്ച അഞ്ചുകിലോ കഞ്ചാവും 800 ഗ്രാം സ്വർണവും പിടിച്ചെടുത്തു. വിമാനത്താവളം സി.ഐ.എസ്.എഫ്, കസ്റ്റംസ് വിഭാഗങ്ങൾ ചേർന്നാണ് കള്ളക്കടത്ത് പിടിച്ചത്. ഷാർജയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചയാളെ വിമാനത്താവളം സി.ഐ.എസ്.എഫ്. വിഭാഗമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം മറ്റത്തൂർ സ്വദേശി കുരുണിയൻ അൽ അമീനെ (22) കസ്റ്റഡിയിലെടുത്തു.

 

എയർ അറേബ്യയുടെ കരിപ്പൂർ-ഷാർജ വിമാനത്തിൽ യാത്രചെയ്യാനാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ബാഗിനകത്ത് കൃത്രിമ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അഞ്ച് പായ്ക്കറ്റുകളിലായി 5634 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. എക്സ്റേ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ കറുത്ത കാർബൺ പേപ്പർകൊണ്ട് പൊതിഞ്ഞാണ് കഞ്ചാവ് ഒളിപ്പിച്ചത്. തന്റെ സുഹൃത്തുക്കൾ കൈമാറിയതാണ് ബാഗെന്നാണ് ഇയാൾ ചോദ്യംചെയ്യലിൽ അറിയിച്ചത്. കഞ്ചാവിന് രണ്ടരലക്ഷം രൂപ വിലവരും. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരായ രാജേന്ദ്രപ്രസാദ്, പി.പി. ജിതിൻ, കെ. സിജിൽ, മിൻഹാജ്ഘാൻ, എന്നിവരാണ് കഞ്ചാവ് പിടിച്ചത്.

വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 800 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പ്രിവൻറീവ് വിഭാഗമാണ് പിടികൂടിയത്. ഇതിന് വിപണിയിൽ 36 ലക്ഷം രൂപ വിലവരും. മലപ്പുറം കൊണ്ടോട്ടി സ്വദേശി എടക്കോടൻ ജവാദിന്റെ (33) ശരീരത്തിൽനിന്നാണ് സ്വർണമിശ്രിതം കണ്ടെടുത്തത്. ദുബായിൽനിന്ന് എസ്.ജി 141 സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.

കസ്റ്റംസ് അസിസ്റ്റന്റ്‌ കമ്മീഷണർ കെ.വി. രാജൻ, സൂപ്രണ്ടുമാരായ പ്രവീൺകുമാർ കെ.കെ, പ്രേംജിത്ത് കെ, സന്തോഷ് ജോൺ, ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഫൈസൽ ഇ, പ്രതീഷ് എം എന്നിവരാണ് സ്വർണം പിടികൂടിയത്.