താനൂര്‍ ഉണ്യാലില്‍ 4.95 കോടിയുടെ സ്റ്റേഡിയം പ്രവൃത്തി പുരോഗതിയില്‍ മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട് പ്രത്യേകത
തിരൂർ: തീരദേശ വാസികളായ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തി പുരോഗതിയില്‍. ഗാലറിയും ഷോപ്പിങ് കോംപ്ലക്സും മറ്റ് ആധുനിക സൗകര്യങ്ങളും ഒരുക്കിയാണ് ഉണ്യാലില്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഗാലറിയ്ക്കും 28 കടമുറികളുള്ള ഷോപ്പിങ് കോംപ്ലക്‌സിനുമൊപ്പം ഫുട്ബോള്‍ ഗ്രൗണ്ട്, ജിംനേഷ്യം, ബാഡ്മിന്റന്‍ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്, വിശ്രമ കേന്ദ്രം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുമുള്ള സ്റ്റേഡിയത്തിന്റെ ആദ്യഘട്ട പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
4.95 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മാണം. ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗമാണ് സ്റ്റേഡിയത്തിന്റെ രൂപ രേഖ തയ്യാറാക്കിയത്. താനൂര്‍ ഉണ്യാലില്‍ ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂമി സ്റ്റേഡിയം നിര്‍മാണത്തിനായി അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കായിക പ്രതിഭകള്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കുന്നതിനൊപ്പം തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കലും സ്റ്റേഡിയം പദ്ധതിയുടെ ലക്ഷ്യമാണെന്ന് വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ പറഞ്ഞു.
ഉണ്യാലിന് പുറമെ ചെറിയ മുണ്ടം, താനാളൂര്‍, കാട്ടിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താനൂര്‍ ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും സ്റ്റേഡിയങ്ങള്‍ പണിയുന്നുണ്ട്. കിഫ്ബി മുഖേന അനുവദിച്ച 10 കോടി രൂപ ചെലവിലാണ് കാട്ടിലങ്ങാടിയില്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാക്കുന്നത്.