സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ​ ക്ഷോഭിച്ച്​ മുഖ്യമന്ത്രി

കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ഥിനിയോട് ​ ക്ഷോഭിച്ച്​ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി സംസാരം അവസാനിപ്പിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പരുക്കന്‍ ശബ്ദത്തില്‍ മുഖ്യമന്ത്രി പറയുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്​.

നന്ദി പ്രകടനത്തിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാര്‍ഥിനി പറഞ്ഞു തുടങ്ങിയപ്പോള്‍, “ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.” എന്നിങ്ങനെ പറഞ്ഞശേഷം മുഖ്യമന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു.

വീഡിയോ കാണാം

 

മുഖ്യമന്ത്രിയുടേത്​ ധാർഷ്​ട്യം നിറഞ്ഞ നിലപാടാണെന്ന്​ ആരോപിച്ച് പലരും പരിപാടിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്​. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ വിദ്യാർഥികളുടെ ചോദ്യത്തെ സഹിഷ്​ണുതയോടെ നേരിടുന്നതിന്‍റെ വിഡിയോകളും ഇതോടൊപ്പം യു.ഡി.എഫ്​ പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്​. ചോദ്യമുന്നയിച്ച വിദ്യർഥിനിയോട്​ മുഖ്യമന്ത്രിക്ക്​ കുറച്ചുകൂടി മാന്യമായി പെരുമാറാമായിരുന്നു​ വെന്നാണ്​ പലരും ചൂണ്ടികാട്ടുന്നത്​.

 

അതേസമയം, മുഖ്യമന്ത്രി നന്ദി പറഞ്ഞ്​ അവസാനിപ്പിച്ച ശേഷം ചോദ്യമുന്നയിച്ചതാണ്​ അദ്ദേഹ​ത്തിന്‍റെ പ്രതികരണത്തിന്​ കാരണമെന്ന്​ ചൂണ്ടികാട്ടി എൽ.ഡി.എഫ്​ അനുഭാവികൾ സാമൂഹിക മാധ്യമങ്ങളിലെ പ്രചരണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്​.