തിരൂർ തുഞ്ചൻ കോളേജിൽ പ്രിൻസിപ്പളില്ല; എം.എസ്‌.എഫ്‌ പ്രതിഷേധ വലയം സംഘടിപ്പിച്ചു

തിരൂർ : ‘തലപ്പത്ത്‌ പ്രൊഫസറും- ഡോക്ടറും ,തലവനില്ലാതെ 42 കോളേജുകളും’ എന്ന പേരിൽ എം.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ വലയം തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിൽ തിരൂർ നിയോജക മണ്ഢലം എം.എസ്‌.എഫ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പളില്ലാതെ വർഷം ഒന്നും കഴിഞ്ഞിട്ടും നടപടികളില്ലാതെ പോകുന്ന സാഹചര്യമാണിവിടെയെന്ന് എംഎസ്എഫ് നേതാക്കൾ പറഞ്ഞു. അർഹമായ ഒഴിവുകൾ നികത്താതെ തസ്തികകൾ പുതുതായി ഉണ്ടാക്കുകയും അതിലേക്ക്‌ പാർട്ടിക്കാരെ പിൻ വാതിൽ നിയമനം നടത്തുകയും ചെയ്യുന്ന സി.പി.എം ഗവൺമെന്റിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊതുജനം വോട്ടിംഗിൽ മറുപടി നൽകുമെന്നു ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിച്ച പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവും എം.എസ്‌.എഫ്‌ മലപ്പുറം ജില്ല ക്യാമ്പസ്‌ വിംഗ്‌ കൺവീനറുമായ ഫർഹാൻ ബിയ്യം പറഞ്ഞു. ചടങ്ങിൽ ഉനൈസ്‌ കന്മനം അധ്യക്ഷനായി,അഡ്വ. എ.കെ.എം.മുസ്സമ്മിൽ,വി.ഇ.ലത്തീഫ്‌,ഹസ്സൻ പരിയാപുരം,അഡ്വ.ഖമറുസ്സമാൻ.എം,ഷഫീഖ്‌ കുന്നത്ത്,ഖാദർ ആലിൻചുവട്‌,സയ്യിദ്‌ മുഫ്തിൽ തങ്ങൾ,റാഫി വെട്ടം,സാദിഖ്‌ രണ്ടത്താണി,അജ്മൽ തുവ്വക്കാട്‌,മുഹ്സിന,സജീൽ എന്നിവർ സംസാരിച്ചു.