അച്ഛനമ്മമാരുടെ ക്രൂര പീഡനം: കുട്ടികളെ കാണാന്‍ ജില്ലാകലക്ടര്‍ ആശുപത്രിയിലെത്തി

മലപ്പുറം: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന കുരുന്നുകളെ കാണാന്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണനെത്തി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ഒരാഴ്ച്ച മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. ആന്തരികമായ പരിക്കുണ്ടോയെന്നറിയാന്‍ സി.ടി.സ്‌കാന്‍ എടുക്കുമെന്നും വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുട്ടികളുടെ താല്‍പര്യപ്രകാരം മലപ്പുറം കോഡൂരിലുള്ള ശിശുഭവനിലേക്ക് മാറ്റുമെന്നും കലക്ടര്‍ പറഞ്ഞു. മമ്പാട് സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന ആറ് വയസുകാരിക്കും നാല് വയസുകാരനുമാണ് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

അതിഥി തൊഴിലാളിയായ തങ്കരാജനും, രണ്ടാംഭാര്യ മാരിയമ്മയുമാണ് കേസിലെ പ്രതികള്‍. ഇവരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വയസുകാരിയായ മകളുടെ  മുഖത്ത് അടിയേറ്റ് കണ്ണുകള്‍ വീങ്ങിയ അവസ്ഥയിലാണ്.

 

ശരീരത്തിന്റെ പല ഭാഗങ്ങളിലും ചട്ടുകം ഉപയോഗിച്ച്  പൊള്ളല്‍ ഏല്‍പ്പിച്ച പാടുകളുമുണ്ട്. നാല് വയസ്സുകാരനായ മകനും  ശരീരമാകെ പരിക്കുണ്ട്. അടുത്ത റൂമിലെ ബംഗാള്‍ സ്വദേശിയാണ് കുട്ടികളുടെ ദുരവസ്ഥ പഞ്ചായത്ത് അധികൃതരെ അറിയിച്ചത്.