ജില്ലയിലെ പുതിയ മൂന്ന് പൊലീസ് സബ്ഡിവിഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
മലപ്പുറം: ജില്ലയില്‍ പുതിയ മൂന്ന് പൊലീസ് സബ് ഡിവിഷനുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍ എന്നീ പുതിയ സബ് ഡിവിഷനുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. നിലവിലുള്ള മൂന്ന് പൊലീസ് സബ് ഡിവിഷനുകളായ മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവയെ വിഭജിച്ചാണ് പുതി സബ് ഡിവിഷനുകള്‍ രൂപീകരിച്ചിട്ടുള്ളത്. കേരളത്തിലെ ക്രമസമാധാന പരിപാലന ചരിത്രത്തിലെ ഒരു പ്രധാന നാഴിക കല്ലാണ് പുതിയ സബ് ഡിവിഷന്‍ ഓഫീസുകളെന്നും അവ നിലവില്‍ വന്നതോടെ ഓരോ സബ് ഡിവിഷനുകളുടെയും കീഴിലുള്ള പൊലീസ് സ്റ്റേഷനുകളുടെ എണ്ണം കുറയുകയും ഡി.വൈ.എസ്.പി തലത്തിലുള്ള ഏകോപനവും നിരീക്ഷണവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും മുഖ്യ മന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, ഉത്തരമേഖലാ ഐജി അശോക് യാദവ്, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ എം.എസ്.പി ക്യാമ്പിന് സമീപം പഴയ എസ്.പി ഓഫീസ് നവീകരിച്ചാണ് സബ് ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷന്റെ ഭാഗമായ നിലമ്പൂര്‍ ഉള്‍പ്പെടുന്ന പുതിയ സബ് ഡിവിഷനില്‍ വണ്ടൂര്‍, നിലമ്പൂര്‍, എടക്കര സര്‍ക്കിളുകള്‍ ഉള്‍പ്പെടും. വണ്ടൂരിന് കീഴിലെ വണ്ടൂര്‍, കാളികാവ്, എടവണ്ണ സ്റ്റേഷനുകള്‍, നിലമ്പൂരിന് കീഴിലെ നിലമ്പൂര്‍, പോത്തുകല്ല് സ്റ്റേഷനുകള്‍, എടക്കരക്ക് കീഴിലെ എടക്കര, വഴിക്കടവ് പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ സബ് ഡിവിഷന്‍. നിലമ്പൂരില്‍ നടന്ന പരിപാടിയില്‍ നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, ഡി.വൈ.എസ്.പി. എം.പി. മോഹന ചന്ദ്രന്‍, ഡി.വൈ.എസ്.പി. കെ. ദേവസ്യ, എ. ഗോപിനാഥ്, ഇ. പദ്മാക്ഷന്‍, കെ.സി. വേലായുധന്‍, അഡ്വ. ഹംസ കുരിക്കള്‍, നിലമ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ധനഞ്ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊണ്ടോട്ടി സബ് ഡിവിഷനല്‍ പൊലീസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് സുഹറാബി, വാര്‍ഡ് അംഗം താഹിറാ ഹമീദ്, ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ്, അഡീഷനല്‍ എസ്.പി ജി.സാബു, മലപ്പുറം ഡി.വൈ.എസ്.പി പി.പി ഷംസ്, സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍മാരായ ഉമേഷ്, ഹരീഷ്, പി. ചന്ദ്രമോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
താനൂര്‍ സബ് ഡിവിഷനല്‍ പൊലീസ് ഓഫീസിന്റെയും പൊലീസ് കണ്‍ട്രോള്‍ റൂമിന്റെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചിട്ടുള്ളത്. താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, കാടാമ്പുഴ, കല്‍പ്പകഞ്ചേരി എന്നീ സ്റ്റേഷനുകളുടെ മേല്‍നോട്ടം ഇനി മുതല്‍ താനൂര്‍ ഡിവൈഎസ്പിക്കാകും. പഴയ സര്‍ക്കിള്‍ ഓഫീസ് നവീകരിച്ചാണ് ഡി.വൈ.എസ്.പി ഓഫീസും, കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുള്ളത്. കണ്‍ട്രോള്‍ റൂമില്‍ ഒരു സി.ഐ, മൂന്ന് എസ.്ഐ, രണ്ട് എ.എസ്ഐ, 27 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരുടെ സേവനവും ലഭിക്കും. താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍, നഗരസഭ കൗണ്‍സിലര്‍ സി.കെ.എം ബഷീര്‍, പി.ഡി ജോസഫ്, ഷിനീഷ്, തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.