എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥ  ശനിയാഴ്ച ജില്ലയിൽ

ജില്ലയിൽ 14 കേന്ദ്രങ്ങളിൽ ജാഥക്ക്‌ സ്വീകരണം നൽകുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മലപ്പുറം: നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്‌’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ശനിയാഴ്ച ജില്ലയിലെത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ നയിക്കുന്ന ജാഥയെ രാവിലെ ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ എൽഡിഎഫ്‌ നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരിക്കും. ജില്ലയിൽ 14 കേന്ദ്രങ്ങളിൽ ജാഥക്ക്‌ സ്വീകരണം നൽകുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ അഞ്ച്‌ വർഷം സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയത്‌. വിദ്യാഭ്യാസ മേഖലയിൽ മാത്രം 650 കോടി വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. 6800 ക്ലാസ്‌ മുറികളാണ്‌ സ്‌മാർട്ട്‌ ക്ലാസ്‌മുറികളായി ഉയർത്തിയത്‌. മഞ്ചേരി മെഡിക്കൽ കോളേജുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും മറ്റ്‌ സർക്കാർ ആശുപത്രികളെ മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാനുമായി. പൊന്നാനി മാതൃ –- ശിശു ആശുപത്രി ഹൈടെക്കാക്കി. തിരൂർ ജില്ലാ ആശുപത്രിയിൽ ഓങ്കോളജി ബ്ലോക്ക്‌ പൂർത്തിയാകുന്നു. മുടങ്ങി കിടന്ന ദേശീയപാത സ്ഥലമേറ്റെടുപ്പും തീരദേശ –- മലയോര ഹൈവേ വികസനവും ഇക്കാലയളവിൽ തുടക്കമിട്ടു. യുഡിഎഫ്‌ സർക്കാർ എഴുതിതള്ളിയ ജില്ലയിലൂടെ കടന്നുപോകുന്ന ഗെയ്‌ൽ വാതക പൈപ്പ്‌ലൈനിന്റെ നിർമാണവും പൂർത്തീകരിച്ച്‌ കമ്മീഷൻ ചെയ്തു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും വലിയ പദ്ധതികൾ ജില്ലയിൽ യാഥാർഥ്യമാക്കി. പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി, താനൂർ കുടിവെള്ള പദ്ധതി, ചീക്കോട്‌ പദ്ധതി എന്നിവ ഉദ്‌ഘാടനം ചെയ്തു. പെരിന്തൽമണ്ണ രാമഞ്ചാടി കുടിവെള്ള പദ്ധതി, മൂർക്കനാട്‌ കുടിവെള്ള പദ്ധതി എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. മലബാർ മേഖലയുടെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്ന മാടക്കത്തറ –- അരീക്കോട്‌ വൈദ്യുതി ഇടനാഴിയും പൂർത്തീകരിച്ചു. കിഫ്‌ബിയിൽ ഉൾപ്പെടുത്തി ജില്ലയിൽ എടപ്പാൾ, പൊന്നാനി, നിലമ്പൂർ, താനൂർ എന്നിവിടങ്ങളിൽ സ്റ്റേഡിയങ്ങൾ അനുവദിച്ചു. ഇതിൽ എടപ്പാൾ സ്റ്റേഡിയം നാടിന്‌ സമർപ്പിക്കുകയും മറ്റിടങ്ങളിൽ നിർമാണം പുരോഗമിക്കുകയുമാണ്‌. തിങ്കളാഴ്ചവരെ ജില്ലയിൽ പര്യടനം നടത്തി ജാഥ പാലക്കാട്‌ ജില്ലയിലേക്ക്‌ പ്രവേശിക്കും. വാർത്താസമ്മേളനത്തിൽ എൽഡിഎഫ്‌ ജില്ലാ കൺവീനർ പി പി സുനീർ, വി പി അനിൽ, വി എം ഷൗക്കത്ത്‌, സബാഹ്‌ പുൽപ്പറ്റ എന്നിവർ പങ്കെടുത്തു.

ജാഥ റൂട്ട്‌

 

ഫെബ്രുവരി 20 ശനി –- കൊണ്ടോട്ടി (10.00), വള്ളിക്കുന്ന്‌ (11.00) തിരൂരങ്ങാടി –- വേങ്ങര മണ്ഡലങ്ങൾ (ചെമ്മാട്‌ 04.00), താനൂർ (05.00), തിരൂർ –- സമാപനം (06.00).

ഫെബ്രുവരി 21 ഞായർ –- പൊന്നാനി (10.00), തവനൂർ (11.00), കോട്ടക്കൽ (വളാഞ്ചേരി –- 04.00), മങ്കട (05.00), മലപ്പുറം –- മഞ്ചേരി മണ്ഡലങ്ങൾ –- സമാപനം (മലപ്പുറം –- 06.00).

 

ഫെബ്രുവരി 22 തിങ്കൾ –- ഏറനാട്‌ (10.00 –- അരീക്കോട്‌), നിലമ്പൂർ (11.00), വണ്ടൂർ (04.00), പെരിന്തൽമണ്ണ (05.00)