മോദി സര്‍ക്കാര്‍ എന്ത് ചെയ്താലും എതിര്‍ക്കുക എന്നത് ഫാഷനായി മാറി-ഇ.ശ്രീധരൻ

ന്യൂഡൽഹി: മോദി സർക്കാർ എന്ത് ചെയ്താലും എതിർക്കുക എന്നത് രാജ്യത്ത് ഒരു ഫാഷനായി മാറിയെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ബി.ജെ.പിയിൽ ചേരുന്നുവെന്ന് വ്യക്തമാക്കിയതിന് പിന്നാലെ വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കാർഷിക സമരത്തിന് കാരണം കർഷകരുടെ തെറ്റിദ്ധാരണയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്ത് ഒരു തരത്തിലുമുള്ള അസഹിഷ്ണുതയും നിലനിൽക്കുന്നില്ലെന്നും പറഞ്ഞു. ഒരു വിദേശ രാജ്യത്തോടോ മാധ്യമത്തോടോ ചേർന്ന് സ്വന്തം രാജ്യത്തെ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും അത് രാജ്യത്തോടുള്ള യുദ്ധം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യമെന്ന ഭരണഘടനാ അവകാശം രാജ്യത്തിനെതിരെ അത് നിയന്ത്രിക്കേണ്ടതാണെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു.

കാർഷിക നിയമങ്ങളുടെ ഗുണഫലങ്ങളെക്കുറിച്ച് കർഷകർ ശരിക്ക് മനസിലാക്കിയിട്ടുണ്ടാകില്ലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ”ഒരു പക്ഷേ കർഷകർ നിയമത്തെക്കുറിച്ച് ശരിക്ക് മനസിലാക്കിയിട്ടുണ്ടാകില്ല. അല്ലങ്കിൽ രാഷ്ട്രീയ താൽപര്യങ്ങൾ മൂലം അവർ മനസിലാക്കാൻ ശ്രമിക്കുന്നുണ്ടാവില്ല. കേന്ദ്രസർക്കാർ എന്ത് ചെയ്താലും അത് എതിർക്കുക എന്നത് ഈ രാജ്യത്ത് ഒരു ഫാഷനായിട്ടുണ്ട്”-ശ്രീധരൻ പറഞ്ഞു. സമരം ചെയ്യുന്ന കർഷകരെ പുതിയ നിയമങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതുണ്ടെന്നും നിയമങ്ങൾ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ളതാണെന്ന് മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിനെ എതിർക്കുന്ന ശക്തികൾ കർഷകരെ സമരത്തിലേക്ക് വലിച്ചിഴച്ചതാണെന്നും ശ്രീധരൻ പറഞ്ഞു.

 

”അസഹിഷ്ണുത എന്നൊരു സംഭവം ചർച്ചകളിൽ മാത്രമാണുള്ളത്. ഇത്ര ശക്തമായ നീതിന്യായ വ്യവസ്ഥ നിലവിലുള്ള രാജ്യത്ത് യാതൊരു തരത്തിലുള്ള അസഹിഷ്ണുതയ്ക്കും നിലനിൽക്കാനാവില്ല. എതിർക്കുന്നവരുടെ വാക്കുകളെ സർക്കാർ മുഖവിലയ്ക്കെടുത്തില്ലങ്കിൽ ഉടൻ പറയും അസഹിഷ്ണുതയാണെന്ന്. എന്നെ സംബന്ധിച്ച് യാതൊരു തരത്തിലുമുള്ള അസഹിഷ്ണുതയും ഇവിടെ ഇല്ല”-ശ്രീധരൻ വ്യക്തമാക്കി.

ഈ രാജ്യത്തെ സർക്കാരിനെക്കുറിച്ച് ഒരു വിദേശ സർക്കാരിനോട് പരാതി പറയുകയോ നമ്മുടെ സർക്കാർ തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നത് ശരിയല്ല. അത് അഭിപ്രായ സ്വാതന്ത്ര്യമല്ല. അത് സർക്കാരിനെതിരേയും സംവിധാനത്തിനെതിരയേയുമുള്ള യുദ്ധമാണ്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തനിക്ക് വർഷങ്ങളായി അടുത്ത് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”മോദി കഠിനാധ്വാനിയും ദീർഘവീക്ഷണമുള്ളയാളുമാണ്. എനിക്ക് അദ്ദേഹത്തെ വളരെ അടുത്തറിയാം. അദ്ദേഹം വളരെ നീതിമാനും അഴിമതിരഹിതനും പ്രതിജ്ഞാബദ്ധനുമാണ്”- ശ്രീധരൻ പറഞ്ഞു.

 

ദേശസ്നേഹത്തെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും ഉയരുന്നത് വളരെ നിർഭാഗ്യകരമാണ്. ബി.ജെ.പിക്ക് എതിരെ ഒരു കാരണവുമില്ലാതെയുള്ള യോജിച്ചുള്ള ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാമിടയിലും സർക്കാർ മുന്നോട്ട് നീങ്ങുകയാണ്. സർക്കാരിനെ എതിർക്കുന്ന എല്ലാവരും സർക്കാരിനൊപ്പം ചേർന്നാൽ അത് വളരെ വ്യത്യസ്തമായ ഫലമായിരിക്കും നൽകുക.ഇന്ത്യക്കും ലോകത്തിനും. ശ്രീധരൻ പറഞ്ഞു.നിർഭാഗ്യവശാൽ പ്രതിപക്ഷത്തുള്ള ചിലർ രാജ്യതാൽപര്യത്തിനെതിരെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ ബി.ജെ.പിക്ക് അധികാരം കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്നും ശ്രീധരൻ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. നടത്തുന്ന വിജയയാത്രയിൽ അദ്ദേഹത്തിന് ഔപചാരികമായി പാർട്ടി അംഗത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.