കേരളത്തിലുള്ളത് പ്രോ ബിജെപി കോൺഗ്രസാണെന്ന്; എ.വിജയരാഘവൻ.

മലപ്പുറം: ന്യൂനപക്ഷ ജനവിഭാഗങ്ങൾ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണ് യോഗിയുടെ ഉത്തർപ്രദേശെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പശുവിന്റെ പേരിൽ ദളിതരെ അക്രമിക്കുക, മുസ്ലിംജനവിഭാഗങ്ങളെ തെരുവിലിട്ട് തല്ലിക്കൊല്ലുക അത്തരം സാഹചര്യങ്ങളാണ് യുപിയിലുള്ളത്. അതൊന്നും കേരളത്തിൽ പറ്റില്ല എന്ന കാര്യം കേരളത്തിലെ ബിജെപി നേതാക്കന്മാർ ഒഴിവുള്ളപ്പോൾ യോഗി ആദിത്യനാഥിന് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോൾ വില, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നങ്ങളേയും കുറിച്ച് പരാമർശിക്കാതെയാണ് ബിജെപി നേതാക്കൾ ലൗ ജിഹാദ് പോലത്തെ ഇല്ലാത്ത കാര്യങ്ങളെ കുറിച്ചും മറ്റും പറയുന്നത്. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

 

ജിഎസ്ടി എന്നാൽ ഫെഡറലിസത്തെ തകർക്കുന്ന ഒരു ഏർപ്പാടാണ്. പെട്രോളിന് വില വർധിപ്പിച്ച് അതുംകൂടി പിടിച്ചെടുക്കാനാണ് ജിഎസ്ടിയിൽ ഉൾപ്പെടുത്തുമെന്ന് പറയുന്നത്. ആ തന്ത്രത്തിൽ ഇടതുപക്ഷ സർക്കാരിന് വീഴാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തിലുള്ളത് പ്രോ ബിജെപി കോൺഗ്രസാണ്. ഓരോ സംസ്ഥാനത്തും അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ച് സമീപനത്തിൽ വ്യത്യാസമുണ്ടാകും. സർവേകൾ കണ്ട് കുഴിയിൽ ചാടാൻ ഇടതുപക്ഷം തുനിയില്ല. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.