വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യം
തിരുവനന്തപുരം: വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളത്തിൽ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചതാണ് ഇക്കാര്യം.
വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയിൽനിന്ന് ഒഴിവാക്കാൻ സാധിക്കില്ല. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാൻ സാഹചര്യമുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന നടത്തണം. വീട്ടിൽ ക്വാറന്റീനിൽ തുടരാം. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശത്തുനിന്നെത്തുവർക്ക് കേന്ദ്രനിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആർ.ടി.പി.സി.ആർ പരിശോധന തുടങ്ങിയിരുന്നു. വിദേശത്തെ പരിശോധനക്ക് ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക് വിധേയമാകുന്നതിനെതിരെ എതിർപ്പും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.