‘മുസ്ലിം ലീഗിനെ ക്ഷണിക്കാൻ മാത്രം നിങ്ങളാരും വളർന്നിട്ടില്ല’  ബി.ജെ.പി ക്കു പി.കെ കുഞ്ഞാലിക്കുട്ടി യുടെ മറുപടി

ചങ്ങരംകുളം: മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാൻ മാത്രം ബി.ജെ.പി വളർന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാർട്ടിയാന്നെന്നും എൻഡിഎ മുന്നണിയിലേക്കുള്ള ശോഭാ സുരേന്ദ്രന്റെ ക്ഷണത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

ലീഗിനെ ക്ഷണിക്കാൻ മാത്രം ബി.ജെ.പി ആയിട്ടില്ല. അതിനുവെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മലപ്പുറത്ത് നടന്ന ലീഗിന്റെ സൗഹൃദ സന്ദേശ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിലെ ഇടത് മുന്നണി ബിജെപിയുടെ ഭാഷയിലാണ് ഇപ്പോൾ സംസാരിക്കുന്നത്. അതുകൊണ്ട് ബിജെപിക്ക് ക്ഷണിക്കാൻ നല്ലത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയിൽ ബിജെപിയെ നേരിടുന്നതിൽ മുന്നിലുള്ളത് കോൺഗ്രസാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ് മുന്നണിയിൽ നിലകൊള്ളുന്നതിൽ ലീഗിന് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.