ഇന്ധന വിലവര്‍ധന തീവെട്ടിക്കൊള്ള: മാര്‍ച്ച് 01 എസ്.ഡി.പി.ഐ പ്രതിഷേധ ദിനം
തിരുവനന്തപുരം: ഇന്ധന വില ദിനംപ്രതി വര്‍ധിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്കായി ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 01 തിങ്കളാഴ്ച എസ്.ഡി.പി.ഐ സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന ഓഫീസുകളിലേക്ക് മാര്‍ച്ച്, പ്രതിഷേധ പ്രകടനങ്ങള്‍, പന്തം കൊളുത്തി പ്രകടനങ്ങള്‍ എന്നിവ നടത്തും.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുമ്പോഴും രാജ്യത്ത് ഇന്ധന വില അനിയന്ത്രിതമായി ഉയരുകയാണ്. പെട്രോള്‍ വില ലിറ്ററിന് നൂറിനോടടുക്കുകയാണ്. ഡീസല്‍ വിലയും അടിക്കടി വര്‍ധിപ്പിക്കുന്നു. പാചക വാതക വില ഫെബ്രുവരിയില്‍ മാത്രം 100 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൊവിഡിന്റെ മറവില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഗ്യാസ് സബ്‌സിഡി നിര്‍ത്തലാക്കിയിരുന്നു. സബ്‌സിഡി സിലിണ്ടറിന് 850 രൂപയും ട്രാന്‍സ്‌പോര്‍ട്ടിങ് ചാര്‍ജും നല്‍കണം. ഓട്ടോറിക്ഷയിലും ബൈക്കിലുമായി അന്നന്നത്തെ അന്നത്തിനായി കച്ചവടം നടത്തുന്നവരുടെ വീടുകള്‍ പട്ടിണിയിലായിരിക്കുന്നു. ഇന്ധന വിലവര്‍ധന മൂലം നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുകയാണ്. ഇന്ധന വില ഓയില്‍ കമ്പനികള്‍ അനിയന്ത്രിതയമായി വര്‍ധിപ്പിക്കുമ്പോഴും കേന്ദ്ര ബിജെപി സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഓയില്‍ കമ്പനികള്‍ക്ക് കടിഞ്ഞാണിട്ടാലല്ലാതെ ഇന്ധന വില നിയന്ത്രിക്കാനാവില്ല. അതോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചും വില പിടിച്ചു നിര്‍ത്താന്‍ തയ്യാറാവണം. രാജ്യത്തെ ജനങ്ങളെ അനുദിനം പട്ടിണിയുടെ നടുക്കയത്തിലേക്ക് തള്ളിവിടുന്ന ഇന്ധന വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം രാജ്യത്തെ സര്‍വ മേഖലകളും സ്തംഭിക്കുന്ന തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് ജനങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ മുന്നറിയിപ്പു നല്‍കി.