ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിൻവലിക്കലോ ശ്രദ്ധയിൽ പ്പെട്ടാൽ ഇക്കാര്യം അറിയിക്കണം.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണം.

 

ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അസ്വാഭാവികമോ ദുരൂഹമോ ആയി ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിൻവലിക്കലോ ശ്രദ്ധയിൽ പ്പെട്ടാൽ ഇക്കാര്യം അധികൃതരെ അറിയിക്കണം. അസാധാരണമായി ആർ.ടി. ജി.എസ്. വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റു പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം. സത്യവാങ്മൂലത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടിൽനിന്നും ഒരു ലക്ഷത്തിനു മുകളിൽ ഇടപാട് നടക്കുന്നുവെങ്കിൽ ഇക്കാര്യവും അറിയിക്കണം.

രാഷ്ട്രീയപ്പാർട്ടിയുടെ അക്കൗണ്ടിൽനിന്ന് ഒരുലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപമോ പിൻവലിക്കലോ ഉണ്ടായാലും വോട്ടർമാരെ സ്വാധീനിക്കാൻ പണം പിൻവലിക്കുകയോ ചെയ്താൽ ഇക്കാര്യവും അറിയിക്കണം.