മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമ മരിച്ച നിലയില്‍.
ഒരു വര്‍ഷത്തിലേറെയായി ഈ വാഹനം ഓടിച്ചിട്ടില്ലെന്നാണ് ഹിരേന്‍ പോലീസിന് മൊഴി നല്‍കിയത്.
മുംബൈ: മുകേഷ് അംബാനിയുടെ വീടായ ആന്റിലയ്ക്ക് സമീപത്ത് സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമ മരിച്ച നിലയില്‍. സ്‌കോര്‍പിയോ കാറിന്റെ ഉടമയായ മാന്‍സുക് ഹിരേനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നൗപാദ പോലീസ് ഹിരേന്റെ മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ താനെയ്ക്ക് സമീപത്തുളള കല്‍വ കടലിടുക്കിലാണ് മൃതദേഹം കിടന്നിരുന്നത്. ഹിരേന്‍ താനെ സ്വദേശിയാണ്.
പോലീസ് മൃതദേഹം കണ്ടെത്തുമ്പോള്‍ ഹിരേന്റെ മുഖം അഞ്ചോളം ഹാന്‍ഡ് കര്‍ച്ചീഫുകള്‍ കൊണ്ട് കെട്ടിയ നിലയില്‍ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. നരേന്റെത് ആത്മഹത്യയാണെന്നുളള റിപ്പോര്‍ട്ടുകള്‍ കുടുംബം നിഷേധിച്ചു. മരണത്തിന് തൊട്ട് മുന്‍പുളള രാത്രി വീട് വിട്ട് പോകുമ്പോള്‍ ഹിരേനെ ഒരു പോലീസുകാരന്‍ വിളിച്ചിരുന്നുവെന്നും ഗോദ്ബന്ധറില്‍ വെച്ച് കാണണം എന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു.
ഹിരേന്‍ ആത്മഹത്യ ചെയ്യില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ ഭാര്യ ആവശ്യപ്പെട്ടു. ഹിരേന്‍ കുട്ടികളെ നീന്തല്‍ പഠിപ്പിച്ചിരുന്ന ആളാണെന്നും അതിനാല്‍ മുങ്ങി മരിക്കില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഹിരെന്റെ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.
ഹിരേന്റെ മരണം മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡ് ആണ് അന്വേഷിക്കുന്നത്. ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്‌കോര്‍പിയോ കിടക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് ജെലാറ്റിന്‍ സ്റ്റികുകളും ഭീഷണിക്കത്തും ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമ ഹിരേന്‍ ആണെന്ന് കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെയായി ഈ വാഹനം ഓടിച്ചിട്ടില്ലെന്നാണ് ഹിരേന്‍ പോലീസിന് മൊഴി നല്‍കിയത്.