മലയാളി യുവാവ് ബഹ്റൈനിൽ സൈക്കിൾ അപകടത്തിൽ മരിച്ചു
മനാമ: ബഹ്റൈനിൽ സൈക്കിൾ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പീസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഡയറക്ടറും ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹിയും ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) അംഗവുമായ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി എം.എം ഹനീഫിന്റെ മകൻ മുഹമ്മദ് ഹനീൻ (21) ആണ് മരിച്ചത്. ഹിദ്ദിലെ ഡ്രൈ ഡോക്ക് ഹൈവേയിൽ ഇദ്ദേഹം സഞ്ചരിച്ച സൈക്കിളിൽ കാർ ഇടിക്കുകയായിരുന്നു.
തുടർപടനത്തിന് വേണ്ടി അടുത്തിടെയാണ് ഹനീൻ നാട്ടിൽ നിന്ന് ബഹ്റൈനിൽ എത്തിയത്. പിതാവും മാതാവും ഏതാനും ദിവസം മുമ്പ് ചികിൽസക്ക് വേണ്ടി നാട്ടിലേക്ക് പോയിരുന്നു.
മരണ വിവരം അറിഞ്ഞ് ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ്, കെ.എം.സി.സി പ്രവർത്തകരും കമ്പനി അധികൃതരും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ എത്തി തുടർ നടപടികൾ സ്വീകരിച്ചു.