കോസ്റ്റ് ഗാർഡ് പിടികൂടിയ ബോട്ടുകളില്‍ പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന്
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം. ബോട്ടുകളിൽനിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തതായാണ് വിവരം. വിശദ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ബോട്ടുകൾ വിഴിഞ്ഞത്ത് എത്തിക്കുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
ഞായറാഴ്ച രാവിലെയാണ് അക്ഷരദുവാ, ചതുറാണി 03, ചതുറാണി 08 എന്നീ ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടികൂടിയത്. കടലിൽ സംശയാസ്പദമായി കണ്ട ശ്രീലങ്കൻ ബോട്ടുകളെ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡ് സംഘം വളയുകയായിരുന്നു. മൂന്ന് ബോട്ടുകളിലായി ആകെ 19 പേരാണുണ്ടായിരുന്നത്. ഇവരെ ചോദ്യംചെയ്യുകയും ബോട്ടുകൾ പരിശോധിക്കുകയും ചെയ്തതോടെയാണ് മയക്കുമരുന്ന് കടത്താണെന്ന് കണ്ടെത്തിയത്.
പാകിസ്താനിൽനിന്ന് കൊണ്ടുവന്ന 200 കിലോ ഹെറോയിൻ, ഹാഷിഷ് എന്നിവയുൾപ്പെടെയുള്ള മയക്കുമരുന്നുകളാണ് ബോട്ടിലുണ്ടായിരുന്നത്. മറ്റൊരു ബോട്ടിൽ പാകിസ്താനിൽനിന്നെത്തിച്ച മയക്കുമരുന്ന് ശ്രീലങ്കൻ ബോട്ടുകളിലേക്ക് കൈമാറുകയായിരുന്നുവെന്നാണ് വിവരം. കോസ്റ്റ് ഗാർഡ് സംഘത്തെ കണ്ടതോടെ മയക്കുമരുന്നുകൾ കടലിൽ എറിഞ്ഞെന്നാണ് ബോട്ടിലുണ്ടായിരുന്നവരുടെ മൊഴി. കോസ്റ്റ് ഗാർഡ് സംഘം പിന്തുടരുന്നത് കണ്ട് ബോട്ടിലുണ്ടായിരുന്നവർ അനധികൃത ആശയവിനിമയ സംവിധാനങ്ങളിലൂടെ മറ്റൊരു കേന്ദ്രത്തിലുള്ളവരുമായി ബന്ധപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.