ഇബ്രാഹിംകുഞ്ഞിനെതിരെ മുസ്ലിം ലീഗ്

മഞ്ഞളാംകുഴി അലി മത്സരിക്കുന്നതിനെതിരെയും ലീഗ് യോഗത്തിൽ വിമർശനമുയർന്നിട്ടുണ്ട്.

മലപ്പുറം: കളമശ്ശേരി സിറ്റിങ് എംഎൽഎ ഇബ്രാഹിംകുഞ്ഞിനെതിരെ മുസ്ലിം ലീഗ് യോഗത്തിൽ എറണാകുളം ജില്ലാ കമ്മിറ്റിയും കളശ്ശേരി മണ്ഡലം കമ്മിറ്റിയും രംഗത്ത്. ഇബ്രാഹിം കുഞ്ഞിനേയും മകൻ അബ്ദുൾ ഗഫൂറിനേയും കളശ്ശേരി സീറ്റിൽ മത്സരിപ്പിക്കരുതെന്ന് ഇവർ നേതൃത്തോട് ആവശ്യപ്പെട്ടു.

 

ഇവർ മത്സരിച്ചാൽ മണ്ഡലത്തിൽ ജയസാധ്യത കുറവാണ്. മാത്രമല്ല ഇവരുടെ സ്ഥാനാർഥിത്വം മറ്റു മണ്ഡലങ്ങളേയും ബാധിക്കുമെന്നും ജില്ലാ നേതാക്കൾ അറിയിച്ചു.

സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റികളുടേയും ലീഗ് മത്സരിക്കുന്ന മണ്ഡലം കമ്മിറ്റികളുടേയും യോഗം ഇന്ന് മലപ്പുറത്ത് ചേർന്നിരുന്നു.

കെ.എം.ഷാജിയെ കാസർകോട് മത്സിരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ കാസർകോട് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. കാസർകോട് ജില്ലാ നേതാക്കൾ കഴിഞ്ഞ ദിവസം പാണക്കാട് എത്തി അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃയോഗത്തിലും എതിർപ്പ് അറിയിച്ചത്.

മഞ്ഞളാംകുഴി അലി മത്സരിക്കുന്നതിനെതിരെയും ലീഗ് യോഗത്തിൽ വിമർശനമുയർന്നിട്ടുണ്ട്. ജില്ലാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം ക്രോഡീകരിച്ച ശേഷമാകും ലീഗിന്റെ അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവരികയെന്ന് നേതാക്കൾ അറിയിച്ചു. പത്താം തീയതിക്ക് ശേഷമാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.