പ്രകടനം നടത്തിയത് പാര്‍ട്ടി വിരുദ്ധർ ടി എം സിദ്ദീഖ്.

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി എം സിദ്ദീഖിനു സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയില്‍ നടന്ന അപ്രതീക്ഷിത പ്രകടനത്തില്‍ വിശദീകരണവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റംഗം ടി എം സിദ്ദീഖ്.

പ്രകടനം നടത്തിയത് പാര്‍ട്ടി വിരുദ്ധരാണെന്നും മല്‍സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ മല്‍സരിക്കുമെന്നും മറ്റു ചുമതലകള്‍ നിശ്ചയിച്ചാല്‍ അത് അനുസരിക്കുമെന്നും സിദ്ദീഖ് ഫേസ് ബുക്കില്‍ അറിയിച്ചു. 

നിയമസഭാതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പാര്‍ട്ടി സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായ കടമ. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് സിപിഎമ്മിന് സംഘടനാപരമായ രീതിയുണ്ട്. അതുപ്രകാരമാണ് ഇതുവരെ തീരുമാനങ്ങള്‍ ഉണ്ടായത്.

ഇനിയും അങ്ങനെ തന്നെയായിരിക്കും. ആ സംഘടനാരീതി അംഗീകരിക്കാന്‍ എല്ലാ പാര്‍ടി അംഗങ്ങളും ബാധ്യസ്ഥരുമാണ്. പത്രങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ വിഴുങ്ങി അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല അവര്‍.