പെരിന്തല്‍മണ്ണയിലെ ലീഗ് സീറ്റ് തിരിച്ചുപിടിക്കാന്‍ സി പി എം പ്രവര്‍ത്തനം തുടങ്ങി.

മലപ്പുറം: മുൻ ലീഗ് ചെയര്‍മാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. പെരിന്തല്‍മണ്ണയിലെ ലീഗ് സീറ്റ് തിരിച്ചുപിടിക്കാന്‍ പ്രവര്‍ത്തനം തുടങ്ങി.

മലപ്പുറം മുനിസിപ്പല്‍ മുന്‍ ചെയര്‍മാനും ട്രേഡ് യൂണിയന്‍ നേതാവുമായ കെ പി മുഹമ്മദ് മുസ്തഫയാണ് പെരിന്തല്‍മണ്ണ അസംബ്ലി നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

പൗരപ്രമുഖനും വ്യവസായിയുമായ മലപ്പുറത്തെ കെ പി മുഹമ്മദാലി ഹാജിയുടെയും കദീജയുടെയും നാലാമത്തെ മകനാണ് ഈ 52 കാരന്‍. കോഴിക്കോട് മീഞ്ചന്ത എന്‍എസ്എസ് സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും ഫാറൂഖ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പഠനവും ചെന്നൈ അണ്ണ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വാണിജ്യശാസ്ത്രത്തില്‍ ബിരുദവും നേടിയ മുഹമ്മദ് മുസ്തഫ നിരവധി ബിസിനസുകളുടെ സംരംഭകന്‍ കൂടിയാണ്. കെപിഎം, ട്രിപ്പൻ്റെ ഗ്രൂപ്പ് ഹോട്ടലുകളുടെ മാനേജിങ് ഡയറക്ടറും കെപിഎം സാനിറ്റേഷന്‍സ്, അഗ്രോ ഫുഡ്‌സ് എന്നിവയുടെ ഡയറക്ടറുമാണ്.

 

2005-10 കാലത്ത് മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് മലപ്പുറം മുനിസിപ്പാലിറ്റിയിലെ വലിയങ്ങാടി വാര്‍ഡ് കൗണ്‍സിലറായും 2010-15 കാലത്ത് മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ്എംടിയു) മലപ്പുറം ജില്ലാ പ്രസിഡൻ്റ്, മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡൻ്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

സാമൂഹിക സേവന രംഗത്തും സന്നദ്ധ പ്രവര്‍ത്തന മേഖലയിലും സജീവമാണ്. ഭാര്യ: ആസ്യ. മക്കള്‍ കദീജ നസ്മി, ഫാത്തിമ നസ്ലി, ആയിശ നസ്വ, റസിയ നൗറ, നാസില്‍ മുഹമ്മദലി.