ഫിറോസ് കുന്നംപറമ്പിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.
ഫിറോസിന്റെ വാക്കുകൾ : ‘ഞാൻ തവനൂരിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നിരവധി കോൺഗ്രസ് നേതാക്കൾ തവനൂരിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. ഒരു എംഎൽഎ ആകണമെന്നോ, എംപി ആകണമെന്നോ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ജനസേവനം മാത്രമായിരുന്നു ലക്ഷ്യം. ആരെയും ഒഴിവാക്കി മത്സരിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്നാൽ തവനൂരിൽ ഫിറോസിനെ നിർത്തണമെന്ന കാര്യം ഐക്യകൺഠേന എല്ലാവരും പിന്തുണച്ചുവെന്ന് നേതൃത്വം അറിയിച്ചു. ഇതോടെ അര മനസോടെ മത്സരിക്കാൻ സന്നദ്ധനാവുകയായിരുന്നു. നേതാക്കൾ ആവശ്യപ്പെട്ടിട്ട് മത്സരിക്കാൻ തയാറായ വ്യക്തിയാണ് ഞാൻ. ഇന്ന് സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ എന്റെ പേരുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ തവനൂരിനെ തർക്ക മണ്ഡലമായി ഉൾപ്പെടുത്തി നാളത്തേക്ക് മാറ്റിവയ്ക്കുകയാരുന്നു. എന്നാൽ ഇത്തരമൊരു തർക്കമുണ്ടെങ്കിൽ, പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർക്ക് തന്നെ സീറ്റ് നൽകണം. എന്റെ പ്രവർത്തന മേഖല ചാരിറ്റിയാണ്. അതുകൊണ്ട് ഞാൻ മാറി നിൽക്കാം. എനിക്ക് താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തലയോട് പറഞ്ഞതാണ്. എന്നാൽ ഇത് കെപിസിസിയുടെ തീരുമാനാണ്, ഫിറോസ് പ്രവർത്തനം ആരംഭിച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ തവനൂരിൽ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മലപ്പുറം ഡിസിസിക്ക് മുൻപിൽ പ്രതിഷേധിച്ചത്. മലപ്പുറത്ത് പൊന്നാനി മണ്ഡലത്തിലെയും തവനൂർ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ ചൊല്ലിയാണ് പ്രതിഷേധം ഉടലെടുത്തത്.