ഭീകരനിയമങ്ങൾ പാസ്സായത് എൽഡിഎഫ് , യുഡിഎഫ് മൗനസമ്മതത്താൽ : ഡോ തസ്‌ലിം റഹ്‌മാനി

മലപ്പുറം: രാജ്യസഭയിൽ ന്യൂനപക്ഷമായിട്ടും ബിജെപിക്ക് ഭീകരനിയമങ്ങൾ പാസ്സാക്കിയെടുക്കാൻ കഴിഞ്ഞത് കേരളത്തിലെ യുഡിഎഫ് എൽഡിഎഫ് എം പി മാരുടെ മൗനസമ്മതം ഉണ്ടായത് കൊണ്ടാണെന്ന് എസ് ഡി പി ഐ മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി ഡോ തസ്‌ലിം റഹ്‌മാനി. മലപ്പുറം പ്രസ്സ് ക്ലബിൻറെ സഭാംഗം 2021 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഇരുമുന്നണികളുടെയും ആർ എസ് എസ് വിധേയത്വമാണ് ഇത് കാണിക്കുന്നത്. രണ്ടാം മോഡി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാസത്തിനുള്ളിൽ 16 ഓളം കരിനിയമങ്ങളാണ് പാർലമെൻറിൽ പാസ്സാക്കിയത്. ഇവ അത്രയും മനുഷ്യാവകാശ വിരുദ്ധവും ഭരണഘടനയെ വെല്ലുവിളിക്കുന്ന നിയമങ്ങളുമാണ്. പാർലമെൻററി മാനദണ്ഡങ്ങളും മര്യാദകളും പാലിക്കാതെ ഈ നിയമങ്ങൾ പാസ്സാക്കുമ്പോൾ കോൺഗ്രസ്സും ഇടതുപക്ഷവും ലോക്‌സഭയിലും രാജ്യസഭയിലും ഉണ്ടായിരുന്നു. അവർക്ക് ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാനാവില്ലെന്നതിന് ഏറ്റവും വലിയ തെളിവാണ് പൗരത്വഭേതഗതി നിയമവും കർഷക ബില്ലും പാസ്സാക്കപ്പെട്ടത്. ഇനി ഏകസിവിൽകോഡ് നടപ്പാക്കുമെന്നാണ് രാജ്നാഥ്‌ സിങ് പറയുന്നത്.

കേന്ദ്ര ഏജൻസികളെയും ജുഡീഷ്യറിയെയും ഉപയോഗിച്ചു കൊണ്ട് ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനാണ് ബിജെപിയും ആർ എസ് എസും ശ്രമിക്കുന്നത്. ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ കേരളത്തിലെ ഇരുമുന്നണികൾക്കും ആയിട്ടില്ല. ആവുകയുമില്ല. അദ്ദേഹം പറഞ്ഞു. 

ഇന്ത്യയെ ഹിന്ദു രാജ്യമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വംശഹിത്യയുടേയും കൂട്ടക്കൊലകളുടെയും ചരിത്രമാണ് ആർ എസ് എസ് നു പറയാനുള്ളത്. മുസ്ലിങ്ങളാദി ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് രാജ്യത്ത് നിന്ന് പുറത്താക്കാനാണ് അവരുടെ ശ്രമം. മതേതരത്വവും ജനാധിപത്യവും അവർ അംഗീകരിക്കുന്നില്ല. ഇന്ത്യയിലെ മഹത്തായ പാരമ്പര്യങ്ങളെ തള്ളി കളഞ്ഞ് ഫാസിസ്റ്റ് രാജ്യം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. ഭരണഘടനയെയും ബഹുസ്വരതകളെയും അവർ ഇല്ലാതാക്കും. ഇന്ത്യയെ പിറകോട്ട് നയിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനാധിപത്യത്തിൻറെ ശക്തിയും അവസരങ്ങളുമുപയോഗിച്ച് പരാജയപെടുത്തണം. മലപ്പുറത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തിരെഞ്ഞെടുപ്പ് പരിപാടിയിൽ നിന്നും എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്.

മലപ്പുറം പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ ശംസുദ്ധീൻ മുബാറക് , സെക്രട്ടറി കെ പി എം റിയാസ് എന്നിവർ സംസാരിച്ചു.