Fincat

മധുവിധു ആഘോഷിക്കാനെത്തി ഖത്തറില്‍ ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളെ വെറുതെ വിട്ടു

ദോഹ: ഖത്തറില്‍ ലഹരിമരുന്ന് കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ദമ്പതികളെ അപ്പീല്‍ കോടതി വെറുതെവിട്ടു. ഇന്ന് രാവിലെയാണ് മുംബൈ സ്വദേശികളായ ദമ്പതികളെ വെറുതെവിട്ടു കൊണ്ട് അപ്പീല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇവരുടെ നിരപരാധിത്തം തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

1 st paragraph

10 വര്‍ഷം തടവുശിക്ഷയും ഒരു കോടി രൂപ പിഴയുമായിരുന്നു ദമ്പതികള്‍ക്ക് കോടതി വിധിച്ചിരുന്നത്. 2019 ജൂലൈയിലാണ് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മുംബൈ സ്വദേശികളായ മുഹമ്മദ് ഷരീഖിനെയും ഭാര്യ ഒനിബ ഖുറേഷിയെയും പൊലീസ് പിടികൂടുന്നത്. ഇവരുടെ ലഗേജില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തി. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം മധുവിധു ആഘോഷിക്കാനായാണ് ദമ്പതികള്‍ ഖത്തറിലെത്തിയത്.

2nd paragraph

ഹണിമൂണ്‍ സ്‌പോണ്‍സര്‍ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ വേണ്ടി ഇവരുടെ കൈവശം ഏല്‍പ്പിച്ച പാക്കറ്റിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് ഒനിബയും ഭര്‍ത്താവും ഖത്തറിലെത്തിയതും പിന്നീട് ലഹരിമരുന്ന് കടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖത്തറില്‍ വെച്ച് ഒനിബ തന്‍റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി. ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ മുംബൈ പൊലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍സിബി) ദമ്പതികള്‍ നിരപരാധികളാണെന്നും ബന്ധുവായ തബസ്സം ആണ് ഇവരെ കുരുക്കിലാക്കിയതെന്നും കണ്ടെത്തിയിരുന്നു.

An Indian couple jailed in Qatar for celebrating their honeymoon has been released

കഴിഞ്ഞ സെപ്തംബറില്‍ തബസ്സവും കൂട്ടാളിയായ നിസാം കാരയും മുംബൈ പൊലീസിന്റെ പിടിയിലായി. ഇവരില്‍ നിന്ന് 13 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വെളിപ്പെടുത്തലുകള്‍ നടന്നതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ദമ്പതികളുടെ കുടുംബവും ഇന്ത്യന്‍ അധികൃതരും ഇവരുടെ മോചനത്തിനായി ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് പുനഃപരിശോധിക്കാന്‍ ഖത്തര്‍ പരമോന്നത കോടതി ഉത്തരവിട്ടിരുന്നു. ഒന്നരവര്‍ഷത്തിലേറെയായി തുടരുന്ന നിയമ പോരാട്ടങ്ങള്‍ക്കാണ് ദമ്പതികളുടെ മോചനത്തോടെ അവസാനമായത്.