തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാത്ത  ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

നിയമസഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന പരിശീലന ക്ലാസ്, ആബ്‌സന്റീസ് വോട്ടിങിനുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യല്‍, ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ കമ്മീഷണിങ്, അനുബന്ധപ്രക്രിയകളില്‍ നിന്ന് അനുമതി കൂടാതെ വിട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകലക്ടര്‍ അറിയിച്ചു.

ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള സമീപനം തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതിനാല്‍ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്, സസ്‌പെന്‍ഷന്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യല്‍ ഉള്‍പ്പെടെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടും ഹാജരാകാത്ത ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാന്‍ എല്ലാ വരണാധികാരികള്‍ക്കും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി.