സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടാകും – തവനൂരിൽ ഭൂരിപക്ഷം വർധിക്കും – മലപ്പുറം ജില്ലയിൽ 8 സീറ്റുകളിൽ എൽ ഡി എഫ് വിജയം കൈവരിക്കുമെന്നും ഡോ.കെ .ടി.ജലീൽ

വളാഞ്ചേരി: എൽ ഡി എഫ് കേരളത്തിൽ മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും കേരള ജനത അത് ആഗ്രഹിക്കുന്നുണ്ടന്നും തവനൂർ മണ്ഡലം എൽ ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ പറഞ്ഞു. വളാഞ്ചേരി മൂച്ചിക്കൽ ജി.എൽ.പി.സ്കൂളിൽ ഭാര്യയോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലപാടിലെ വ്യക്തതയും വികസന തുടർച്ചയും ധീരമായ മറ്റ് എല്ലാ മേഖലകളിലുമുള്ള ഇടപെടലുകളും എല്ലാം കൊണ്ടാണ് എൽ ഡി എഫിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന് പറയുന്നത്. കേരള ജനത അത് ആഗ്രഹിക്കുന്നുണ്ടന്നും കെ.ടി.ജലീൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ അഞ്ച് വർഷം നിരവധിദുരന്തങ്ങളും ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ടായിരുന്നിട്ടും കേരളത്തെ സ്വപ്ന സമാനമായ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തി എന്നുള്ള പൊതു അഭിപ്രായം ജനങ്ങൾക്കിടയിൽ വളരെ സജീവമാണ്. തവനൂരിൽ ഇത്തവണ മികച്ച ഭൂരിപക്ഷമാണ് ലഭിക്കാൻ പോകുന്നത്. മലപ്പുറം ജില്ലയിൽ എൽ ഡി എഫിന് ഇത്തവണ എട്ട് സീറ്റ് ലഭിക്കുമെന്നും ഡോ.കെ .ടി.ജലീൽ കൂട്ടിച്ചേർത്തു.

വോട്ട് രേഖപ്പെടുത്തിയതിന് ശേഷം തവനൂർ മണ്ഡലത്തിലെ വിവിധ പോളിങ് ബൂത്തുകളിൽ ഡോ.കെ .ടി.ജലീൽ സന്ദർശനം നടത്തി.