കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും അടിയന്തരമായി കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. 160 ലധികം കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടന്നുവരുന്നുണ്ടെന്നും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തുടര്‍ന്നുവരികയാണെന്നും കലക്ടര്‍ അറിയിച്ചു.

എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അവസരത്തിനനുസരിച്ച് വാക്‌സിന്‍ എടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കുക വഴി അസുഖം വന്നാലും ഗുരതരാവസ്ഥയിലേക്ക് പോകുന്നത് ഒഴിവാക്കുന്നതിന്നും മരണം തടയാനും കഴിയുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

ജില്ലയില്‍ ജനുവരി 16 ന് തുടങ്ങിയ കോവിഡ് വാക്‌സിനേഷന്‍ ഇപ്പോള്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരെഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍, കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍, കോവിഡ് വാക്‌സിനേഷന്‍ മൊബൈല്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ നല്‍കി വരുന്നു. 45 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഈ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാം.

 

വാക്‌സിനേഷന്‍ ചെയ്യുന്നതിനായി www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് രജിസ്‌ട്രേഷന്‍ എന്ന് ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഇതിന്ന് ബുദ്ധിമുട്ടുള്ളവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ചെയ്യാതെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നവര്‍ക്ക് അവിടെ നിന്ന് തന്നെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യവും എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഓരോ വാര്‍ഡിലും/ഡിവിഷനിലുമുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചെന്നുള്ളത് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.