രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ അതീവ ജാഗ്രത വേണം: ജില്ലാ കലക്ടര്‍  

കോവിഡ് വ്യാപനം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ അനാസ്ഥ പാടില്ല. രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തിയ ശേഷം വര്‍ധിക്കുന്നത് ഗുരുതരമായ സാഹചര്യമായി വിലയിരുത്തണം. 2020 സെപ്തംബര്‍ മൂന്നിന് 91 പേര്‍ക്ക് രോബബാധ സ്ഥിരീകരിച്ച ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തുന്നത് 2021 മാര്‍ച്ച് 22നാണ്. 2019 ഒക്ടോബര്‍ 10നാണ് ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവുമുയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയത്. അന്ന് 1,632 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും പൊതുജനങ്ങളും കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തിലൂടെ രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാനായി. കോവിഡ് രണ്ടാം തരംഗം ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ജനകീയ പങ്കാളിത്തത്തോടെ മാത്രമെ വൈറസ് വ്യാപനം തടയാനാകൂവെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തി.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ഇതിനൊപ്പം ജനകീയ സഹകരണമില്ലാതെ ഈ മഹാമാരിയെ മറികടക്കാനാകില്ല. ഇക്കാര്യം തിരിച്ചറിഞ്ഞുള്ള സമീപനമാണ് എല്ലാവരില്‍ നിന്നുമുണ്ടാകേണ്ടതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.