ബിരിയാണി ചലഞ്ചിന് തിരൂരൊരുങ്ങി; കാരുണ്യക്കരങ്ങൾക്ക് കരുത്തേകാൻ ഒത്തൊരുമിച്ച് നാട്

തിരൂർ: കാരുണ്യത്തിന്റെ മണമുള്ള കിൻഷിപ്പ് ബിരിയാണി ചലഞ്ചിൻ്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. കാരുണ്യക്കരങ്ങൾക്ക് കരുത്തേകാനായി നാളെ (ശനി) നടക്കുന്ന ചരിത്ര ഉദ്യമം സമൂഹം ഒറ്റക്കെട്ടായാണ് ഏറ്റെടുത്തത്.

കഴിഞ്ഞ ഏഴു വർഷങ്ങളായി സന്നദ്ധ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ കിൻഷിപ്പ് KINSHIP ( A home for differently abled) എന്ന സംഘടനയാണ് വേറിട്ട പ്രവർത്തനവുമായി രംഗത്തെത്തിയത്. ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഫിസിയോതെറാപ്പി അടക്കമുള്ള വൈദ്യ സഹായവും , ഭക്ഷണം യാത്രാസൗകര്യം എന്നിവയും സൗജന്യമായി നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന കിൻഷിപ്, പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി സ്നേഹതീരം വോളന്റിയർ വിങ്ങിന്റെ നേതൃത്വത്തിൽ ഒരു വേറിട്ട പാതയിലൂടെ ധനസമാഹരണം നടത്തുകയാണ് ബിരിയാണി ചലഞ്ചിലൂടെ.

ഈ പരിപാടിയിൽ സുമനസ്സുകളുടെ സഹായത്തോടെ സ്നേഹസമ്പന്നമായ ബിരിയാണി വിളമ്പുക എന്നതും അതു വഴി ലഭിക്കുന്ന തുക കൊണ്ട് കിൻഷിപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ചിറകേകുക എന്നതുമാണ് ഇതിന്റെ ലക്ഷ്യം. 30,000 പേർക്ക് ഒറ്റ പന്തലിൽ തയ്യാറാക്കുന്ന ഭക്ഷണം , 30,000 പാക്കറ്റുകളിലാക്കി മുൻകൂട്ടി എടുത്ത ഓർഡറുകൾക്ക് 100 രൂപ വാങ്ങി എത്തിച്ചു കൊടുക്കുന്ന രീതിയിലാണ് പരിപാടി സജ്ജീകരിച്ചിട്ടുള്ളത്.

നൂറു കണക്കിന് പാചക തൊഴിലാളികളും വിവിധ സന്നദ്ധ, സേവന സംഘടനകൾ ക്ലബുകൾ , പ്രസ്ക്ലബ് അടക്കമുള്ള സമൂഹത്തിൻ്റെ   വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകൾ എല്ലാം  നിസ്വാർത്ഥമായാണ് സേവന രംഗത്തുള്ളത്.

 

കയ്മെയ് മറന്ന് പ്രവർത്തിച്ച ഒരുപാട് മനുഷ്യരുടെ അധ്വാനഫലമായ ഈ സ്നേഹത്തിന്റെ ബിരിയാണി, മലപ്പുറത്തിന്റെ ജനമനസ്സ് ഏറ്റെടുത്തിരിക്കുന്നുവെന്ന്
ബിരിയാണി ചലഞ്ചിൻ്റെ കോർഡിനേറ്റന്മാരായ നാസർ കുറ്റൂർ, ഡോ.സമീർ, ഷബീറലി റിഥം മീഡിയ, സുധീഷ് നായത്ത്, സീ.പി. ലത്തീഫ്, ദിലീപ് അമ്പായത്ത്, അഷ്‌റഫ്‌ റീഗൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.