ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കാണണമെന്ന് ഹൈക്കോടതി.

കൊച്ചി: വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തില്‍ വിവാഹിത ദമ്പതിമാരുടേതില്‍നിന്നു വ്യത്യാസങ്ങള്‍ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. വിവാഹം കഴിക്കുന്നതിന് മുന്‍പുണ്ടായ കുഞ്ഞിന്റെ അവകാശത്തെ സംബന്ധിച്ച തര്‍ക്കത്തിലാണ് നിരീക്ഷണം.

വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചവര്‍ക്കുണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു. കുഞ്ഞിനെ സമിതി ദത്തുനല്‍കി. എന്നാല്‍, കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് ജന്മംനല്‍കിയ മാതാപിതാക്കള്‍ നല്‍കിയ അപേക്ഷയില്‍ കുഞ്ഞിനെ അവര്‍ക്കു തിരികെനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണകാര്യങ്ങളില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

2018ലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ പരിചയപ്പെട്ട യുവതിയും യുവാവും ഒന്നിച്ചു താമസിക്കുകയായിരുന്നു. 2020 ഫെബ്രുവരിയില്‍ ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. എന്നാല്‍ ജോലിയാവശ്യത്തിനായി യുവാവ് കേരളത്തിനു പുറത്തുപോയതോടെ ഇവരുടെ ബന്ധത്തില്‍ അകല്‍ച്ചയുണ്ടായി. തുടര്‍ന്നാണ് മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയും ദത്തു നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

 

‘അവിവാഹിത അമ്മ’യായി കണക്കാക്കിയാണ് ദത്തിനുള്ള പ്രഖ്യാപനത്തിന് ശിശുക്ഷേമ സമിതി നടപടി സ്വീകരിച്ചത്. ഫെബ്രുവരിയില്‍ കുഞ്ഞിനെ ദത്തു നല്‍കി. ഇതിനുശേഷമാണ് ദമ്പതികള്‍ കുഞ്ഞിനെ തിരികെവേണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചത്. കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളായി ഇരുവരുടെയും പേരുണ്ട്. അതിനാല്‍ കുഞ്ഞിനെ ദത്ത് നല്‍കാനുള്ള രേഖ അന്തിമമാക്കുംമുമ്പ് സമിതി ഇരുവരുടെയും സമ്മതം തേടേണ്ടിയിരുന്നുവെന്ന് കോടതി പറഞ്ഞു. ഇവിടെ മാതാവിന്റെ മാത്രം സമ്മതമേ ലഭിച്ചിട്ടുള്ളൂ. അതിനാല്‍ ദത്തും നിയമപരമല്ലെന്നും കോടതി വിലയിരുത്തി.