ആത്മാഭിമാനമുണ്ടെങ്കില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണം : വി വി പ്രകാശ്

മലപ്പുറം : ലോകായുക്ത ഉത്തരവ് മാനിച്ച് മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോകായുക്ത ഉത്തരവ് പാലിക്കാന്‍ മന്ത്രി കെ ടി ജലീല്‍ തയ്യാറാവുന്നില്ലെങ്കില്‍ അദ്ദേഹം ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് കരുതേണ്ടി വരും. ബന്ധു നിയമനത്തില്‍ മന്ത്രിയുടെ പങ്കാളിത്തം ശരിവെക്കുക മാത്രമല്ല തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രിക്ക് അവകാശമില്ലെന്നും ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കുന്നു. അഭ്യസ്തവിദ്യരായ ലക്ഷോപലക്ഷം തൊഴില്‍രഹിതര്‍ തൊഴില്‍ ലഭിക്കാതെ നട്ടം തിരിയുമ്പോള്‍ തന്റെ സ്വന്തം വകുപ്പിലെ അധികാരം ദുരുപയോഗപ്പെടുത്തി സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും എല്ലാ നിയമ വ്യവസ്ഥകളെയും വെല്ലുവിളിച്ച് നിയമനം നടത്തിയ നടപടി മന്ത്രി പൂര്‍ണ്ണമായും കളങ്കിതനാണെന്ന് വ്യക്തമാക്കുന്നു. നിര്‍ദ്ദിഷ്ട തസ്തികയില്‍ നിയമനം നടത്താന്‍ മന്ത്രിസഭ നിശ്ചയിച്ച യോഗ്യതയില്‍ മാറ്റം വരുത്തിയത് മന്ത്രിയുടെ അറിവോടെയും മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരവുമാണ്. ഇതിന് മുഖ്യമന്ത്രിയും കൂട്ടു നിന്നു എന്നത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണെന്നും പ്രകാശ് പറഞ്ഞു. ലോകായുക്ത 14-ാം വകുപ്പ് അനുസരിച്ച് മന്ത്രി അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന് തെളിഞ്ഞതായി വിധിയുണ്ടായാല്‍ ആ വിധി സ്വീകരിച്ച് യുക്താധികാരിയെന്ന നിലയില്‍ മുഖ്യമന്ത്രി ആ മന്ത്രിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയാണ് വേണ്ടതെന്ന് പറയുന്നുണ്ട്. വിധിയുടെ അപകടം മുന്‍കൂട്ടി മനസ്സിലാക്കിയ മുഖ്യമന്ത്രി കോവിഡിന്റെ കാരണം പറഞ്ഞ് ആശുപത്രിയിലാണെന്നതു കൊണ്ട് മൗനമവലംബിക്കുന്നത് ജനാധിപത്യകേരളത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വി വി പ്രകാശ് തുടര്‍ന്നു പറഞ്ഞു.

പത്രസമ്മേളനത്തില്‍ ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി, സെക്രട്ടറിമാരായ ഒ രാജന്‍, കെ പി കെ തങ്ങള്‍ , സക്കീര്‍ പുല്ലാര പങ്കെടുത്തു.