കോഴി ഇറച്ചി വില 220 കടന്നു; വിഷു, നോമ്പ്​ കാലത്തെ വില വർധനവിനെതിരെ പ്രതിഷേധം

മലപ്പുറം: മലപ്പുറം ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കിലോക്ക് 165 രൂപയിലധികം വിൽക്കാൻ പാടില്ലെന്നാണ് അധികാരികൾ നേരത്തെ വ്യാപാരികൾക്ക് നൽകിയ നിർദേശമെങ്കിലും ഇപ്പോൾ വില ദിവസം തോറും ഉയർന്നുവരികയാണ്. കിലോക്ക് 220 രൂപയും കടന്ന് വില കുതിക്കുകയാണ്.

ചില സ്ഥലങ്ങളിൽ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ വാക്കുതർക്കവും പതിവായിട്ടുണ്ട്. വിഷുവും, റമദാൻ വ്രതവുമെല്ലാം അടുത്ത സമയത്തുള്ള വില വർധനവിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. കോഴി ഇറച്ചിക്ക് ആവശ്യക്കാർ വർധിച്ചതും ആളുകൾ കോഴിയിറച്ചി കൂടിയ തോതിൽ വാങ്ങാൻ തുടങ്ങിയതും വിലവർധനവിന് കാരണമായി പറയപ്പെടുന്നു.

ആവശ്യമായതിന്‍റെ 20 ശതമാനം പോലും ഇവിടെ കോഴി ഉൽപ്പാദിപ്പിക്കുന്നി​ല്ലെന്നാണ് കണക്ക്. വൻകിട കമ്പനികളാണ് കോഴികൾ നൽകുന്നത്. നേരത്തെ ഇവർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കോഴികളെ കൊണ്ടുവന്നു നൽകുകയായിരുന്നു ചെയ്തിതിരുന്നത്.

ഇപ്പോൾ സംസ്ഥാനത്ത് തന്നെ ഒട്ടേറെ കർഷകർ വൻകിട കമ്പനികൾക്ക് വേണ്ടി കോഴി വളർത്തുന്നുണ്ട് . ഇത്തരത്തിലുള്ള ഫാമുകളിൽ നിന്നാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രധാനമായി കോഴികളെ വിതരണം ചെയ്യുന്നത് അതിനിടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴിയിറച്ചി വില അനിയന്ത്രിതമായി വർധിക്കാൻ കാരണം ഫാം ഉടമകൾ ആണെന്ന ആരോപണവുമായി വ്യാപാരികളും രംഗത്തെത്തി.

തമിഴ്നാട്ടിൽ നിന്നും കോഴി വരുന്നില്ലെന്ന് പറഞ്ഞു കൃത്രിമമായി വില വർധിപ്പിക്കുകയായിരുന്നു എന്നും വ്യാപാരികൾ ആരോപിച്ചു. ഈ നീക്കത്തിനെതിരെയും കൃത്രിമ വിലവർധനയ്ക്കും അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.