ജില്ലയില്‍ ഏപ്രില്‍ 16 നും 17 നും കോവിഡ് – 19 മെഗാ ടെസ്റ്റിങ് ഡ്രൈവ്
നാളെയും മറ്റന്നാളുമായി ദിവസം 14000 പേർക്ക് കോവിഡ് -19 ടെസ്റ്റിംഗ് നടത്തുന്നതിനായി ജില്ലയിൽ സൗകര്യവുമൊരുക്കിയിട്ടുണ്ട്
മലപ്പുറം : കോവിഡ് വ്യാപനം തടയുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മെഗാ കോവിഡ് പരിശോധന ഡ്രൈവ് ന്റെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 16,17 തിയ്യതികളിൽ കോവിഡ് -19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .സക്കീന കെ അറിയിച്ചു .ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി ദിവസം 14000 പേർക്ക് കോവിഡ് -19 ടെസ്റ്റിംഗ് നടത്തുന്നതിനായി ജില്ലയിൽ സൗകര്യവുമൊരുക്കിയിട്ടുണ്ട് .ജില്ലയിലെ എല്ലാ സർക്കാർ ആസ്പത്രികളിലും, സ്വകാര്യ ആസ്പത്രികളിലും കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം ഈ ദിവസങ്ങളിൽ ഉണ്ടാകും.
കോവിഡ് വ്യാപനം തടയുന്നതിൽ ഏറ്റവും പ്രാധാന്യം ഉള്ള കാര്യമാണ് കോവിഡ് പരിശോധന നടത്തി രോഗം ഇല്ല എന്നുറപ്പ് വരുത്തുന്നത്. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെ കോവിഡ് രോഗ ബാധ ഉണ്ടാകും എന്നത് രോഗ പകർച്ചയ്ക്ക് കൂടുതൽ വഴിവെക്കും. കോവിഡ് ന്റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷവും അപകടകരവും ആണ്. രോഗികൾ ഗുരുതരാവസ്ഥയിൽ ആകുന്നതിനും മരണം കൂടുതൽ സംഭവിക്കുന്നതിനും രണ്ടാം തരംഗത്തിൽ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ രോഗം നേരത്തെ കണ്ടുപിടിക്കുക എന്നത് വളരെയേറെ പ്രാധാന്യം അർഹിക്കുന്നു .മാത്രമല്ല രോഗം നേരത്തെ തന്നെ കണ്ടുപിടിക്കുന്നത് വഴി ഗുരുതരം ആകാതെ സൂക്ഷിക്കുന്നതിനും സാധിക്കും.കൂടാതെ രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുകവഴി രോഗപകർച്ച തടയുന്നതിനും സാധിക്കും. രോഗലക്ഷണങ്ങൾ ഇല്ലാതെ പൊസിറ്റിവ് ആകുന്നവരെയും ലഘു ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയും വീടുകളിൽ തന്നെ നിർത്തി ആവശ്യമായ ചികിത്സ നൽകുന്നതിനും സാധിക്കും.
കോവിഡ് -19 രോഗ ലക്ഷണങ്ങളുള്ളവർ , കോവിഡ് -19 രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ ,പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ള 45 വയസ്സിനു താഴെ പ്രായമുള്ള ഓട്ടോ ടാക്സി,ബസ് ഡ്രൈവർമാർ ,കണ്ടക്ടർമാർ കളക്ഷൻ ഏജന്റുമാർ തുടങ്ങിയവർ ,കടകളിലും മാളുകളിലും ജോലി ചെയ്യുന്നവർ, ട്രോമ കെയർ വളണ്ടിയർമാർ, പോലീസ് ഉദ്യോഗസ്ഥർ, കോവിഡ് -19 വാക്സിനേഷനെടുക്കാത്ത 45 വയസ്സിന് മുകളിലുള്ളവർ , തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, ആശുപത്രിയിൽ ചികിത്സക്കെത്തുന്ന എല്ലാ രോഗികളും, കൂട്ടിരിപ്പിന് പോയവർ എന്നിവർ പരിശോധന കേന്ദ്രങ്ങളിലെത്തി കോവിഡ് -19 പരിശോധനക്ക് വിധേയരാവണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അഭ്യർത്ഥിച്ചു .