കോവിഡ്: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും

15 ദിവസത്തേക്ക് അടച്ചിടും

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ദേശീയ പുരാവസ്തു സർവേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങൾ, മ്യൂസിയം എന്നിവ മെയ് 15 വരെ അടച്ചിടുന്നതായി കേന്ദ്ര സാംസ്കാരിക-വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ആണ് അറിയിച്ചത്.

രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവാണ് പ്രതിദിനം രേഖപ്പെടുത്തുന്നത്. 10 ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായി. വ്യാഴാഴ്ച രാവിലെ രണ്ട് ലക്ഷത്തിൽപ്പരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

പ്രതിദിന കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. ഉത്തർപ്രദേശിലെ പല ജില്ലകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. രാജസ്ഥാനിലും കർണാടകത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.