കപ്പലിടിച്ച് തകർന്ന ബോട്ടിലെ ഒമ്പതുപേരെ കണ്ടെത്തിയില്ല.
മംഗളുരു പുറങ്കടലിൽ ചൊവ്വാഴ്ച ചരക്കുകപ്പലിടിച്ച് മുങ്ങിപ്പോയ ‘റഫ’ എന്ന മീൻപിടിത്ത ബോട്ടിലുണ്ടായിരുന്ന ഒമ്പതുപേരെ കണ്ടെത്തിയില്ല. തിരച്ചിൽ തുടരുകയാണ്. കോസ്റ്റുഗാർഡ് കണ്ടെത്തിയ മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം നാടുകളിലേക്ക് കൊണ്ടുപോയി.
സ്രാങ്ക് തമിഴ്നാട്ടിലെ കൊളച്ചൽ സ്വദേശിയായ ഹെൻലിൻ അലക്സാണ്ടർ (38), അമ്മാവനായ ദാസ് ചിന്നപ്പൻ (65), പശ്ചിമ ബംഗാളിലെ പർഗാന ജില്ലയിലെ പബൻദാസ് (32) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്. മുംബൈയിലേക്കുപോയ സിങ്കപ്പൂർ ചരക്കുകപ്പലായ എം.വി.എ.പി.എൽ. ലീ ഹാവ്‌റേയാണ് ബോട്ടിലിടിച്ചത്. തമിഴ്‌നാട്ടിലെ രാമേശ്വരം സ്വദേശി വേൽമുരുകൻ (37), ബംഗാൾ സ്വദേശി സുനിൽ ദാസ് (34) എന്നിവരെ തീരരക്ഷാസേന രക്ഷപ്പെടുത്തി മംഗളൂരുവിലെത്തിച്ചിരുന്നു.
അപകടം സംഭവിക്കുമ്പോൾ ഒമ്പതുപേർ ബോട്ടിന്റെ വീൽഹൗസിലും അഞ്ചുപേർ മുകൾതട്ടിലുമായിരുന്നുവെന്ന് രക്ഷപ്പെട്ട സുനിൽദാസ് പറഞ്ഞു. കാണാതായ മറ്റുള്ളവർ: തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശികളായ ടെന്നിസൺ, പളനി, പാളമുരുകൻ, മാണിക്യവേൽ, ബംഗാൾ സ്വദേശികളായ മണിക്‌ദാസ്, മണിക് കെ. ചക്രവർത്തി, പബൻദാസ്, സോബൻദാസ്, സുബൽദാസ്.
അപകടത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരള മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു ഷിപ്പിങ് ഡയറക്ടർ ജനറൽക്കും കേന്ദ്ര ജലഗതാഗത മന്ത്രാലയത്തിനും കത്തയച്ചു.
കപ്പൽ രാജ്യംവിടാൻ അനുവദിക്കരുതെന്ന് എസ്.ടി.യു. ദേശീയ സെക്രട്ടറി യു. പോക്കറും സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഓട്ടുമ്മലും കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.