ജില്ലയില്‍ വെള്ളിയാഴ്ച വരെ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ 4,20,675 പേര്‍
കോവിഡ് വ്യാപനം ആശങ്കയേറ്റുമ്പോള്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവം
കോവിഡ് 19 വൈറസ് വ്യാപനം ആശങ്കയായി തുടരുമ്പോള്‍ മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് കര്‍ശനമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കുകയാണ്. ഘട്ടം ഘട്ടമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച (2021 ഏപ്രില്‍ 16) വരെ 4,20,675 പേരാണ് പ്രതിരോധ കുത്തിവെപ്പെടുത്തത്. 3,83,848 പേര്‍ ഒന്നാം ഡോസ് വാക്‌സിനും 36,827 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
59,080 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതിനകം പ്രതിരോധ വാക്‌സിനെടുത്തത്. ആദ്യ ഘട്ടത്തില്‍ 37,559 പേരും 21,521 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചു. 20,521 കോവിഡ് മുന്നണി പ്രവര്‍ത്തകരും പ്രതിരോധ കുത്തിവെപ്പെടുത്തു (ആദ്യ ഡോസ് – 12,647, രണ്ടാം ഡോസ് – 7,874). തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 36,454 ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു (ആദ്യ ഡോസ് – 33,477, രണ്ടാം ഡോസ് – 2,977 പേര്‍). 45 വയസിനു മുകളില്‍ പ്രായമുള്ള 3,04,620 പേരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു (ആദ്യ ഡോസ് – 3,00,165, രണ്ടാം ഡോസ് 4,455).
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ 16) വരെ 145 കേന്ദ്രങ്ങളിലാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് നടന്നത്. 121 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 20 സ്വകാര്യ കേന്ദ്രങ്ങളും നാല് മൊബൈല്‍ വാക്‌സിനേഷന്‍ഷന്‍ കേന്ദ്രങ്ങളുമാണ് ഇതിനായി സജ്ജമാക്കിയിരുന്നത്. വരും ദിവസങ്ങളില്‍ പ്രതിരോധ കുത്തിവെപ്പിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.