രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം
ന്യൂഡൽഹി: കൊവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ ഏറെയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍ നിന്നും 2700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്.
മുംബൈയില്‍ ജംബോ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില 250 രൂപയില്‍ നിന്നും 900 ആയി ഉയര്‍ന്നു. സമാനമായി മറ്റു സംസ്ഥാനങ്ങളിലും വിലയില്‍ വലിയ വര്‍ധനവ് ഉണ്ടയായിട്ടുണ്ട്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി 50000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.
ആരോഗ്യ- വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് നീക്കങ്ങള്‍ നടത്തുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ക്രായോജെനിക് ടാങ്കറുകള്‍ ട്രെയിനുകളില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. റെംഡെസിവിര്‍, കൊവിഡ് വാക്‌സിന്‍ എന്നിവയ്ക്കും കടുത്ത ദൗര്‍ലഭ്യം നേരിടുന്നുണ്ട്.
കൊവിഡ് വാക്‌സിനുകള്‍ പൊതുവിപണിയില്‍ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആവശ്യത്തിനനുസരിച്ച് വാക്‌സിനുകള്‍ ലഭിക്കാത്തത് കടുത്ത വെല്ലുവിളിയാണെന്നും നവീന്‍ പട്‌നായിക് കത്തില്‍ ചൂണ്ടിക്കാട്ടി.