തറാവീഹ് നിസ്‌കാരത്തിനു വേണ്ടി അരമണിക്കൂര്‍ ഇളവ് അനുവദിച്ചു.
കോഴിക്കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്തില്‍ റമദാനിലെ തറാവീഹ് നിസ്‌കാരത്തിനു വേണ്ടി അരമണിക്കൂര്‍ വരെ ഇളവ് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മത നേതാക്കളെ അറിയിച്ചു. രാത്രി 9.30 വരെയാണ് തറാവീഹ് നിസ്കാരത്തിനു മാത്രമായി കർഫ്യൂവില്‍ ഇളവ് അനുവദിച്ചത്. കടകള്‍ അടക്കം മറ്റു കാര്യങ്ങള്‍ക്ക് രാത്രി 9 മണിക്കു തന്നെയാണ് കർഫ്യൂ തുടങ്ങുക.
രാത്രി 9 മണി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതുകാരണം തറാവീഹ് നിസ്‌കാരത്തിന് പ്രയാസമാണെന്നും രാത്രി കര്‍ഫ്യൂ സമയത്തില്‍ ഇളവ് അനുവദിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെ ഫോണില്‍ വിളിച്ചാണ് തറാവീഹ് നിസ്കാരത്തിനായി കര്‍ഫ്യൂ 9.30 മുതലാക്കിയ വിവരം അറിയിച്ചത്. വിവിധ മുസ്ലിം സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിനു പിന്നാലെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. ഒമ്പതു മണിക്ക് മുന്‍പായി വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴരയ്ക്കു ശേഷം ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി. ചരക്ക്-പൊതുഗതാഗതത്തെയും ബാധിക്കാത്ത വിധത്തിലാണ് കര്‍ഫ്യൂ നിയന്ത്രണം നടപ്പാക്കുക