ഇന്ത്യക്കാർക്ക് ഒമാൻ പ്രവേശന വിലക്ക് ഏർപ്പെടുത്തി.
ദുബായ്: ഒമാനിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടി. ഇന്ത്യക്കാർക്ക് ഒമാൻ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ച മുതലാണ് വിലക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും ഒമാനിൽ പ്രവേശിക്കാൻ കഴിയില്ല.
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിലാണ് ഒമാൻ ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 24 വൈകിട്ട് ആറു മണി മുതൽ പ്രവേശന വിലക്ക് നിലവിൽ വരും. എത്ര ദിവസത്തേക്കാണ് പ്രവേശന വിലക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. സുപ്രീം കമ്മിറ്റിയാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവിറക്കിയത്. പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യക്കാർക്കും ഒമാൻ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചവർക്കും ഉടനെയൊന്നും ഒമാനിലേക്ക് പ്രവേശിക്കാൻ കഴിയില്ല.
ഇപ്പോൾ അവധിക്ക് കേരളത്തിലുള്ള നിരവധി പ്രവാസികൾ ഒമാനിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. അത്തരക്കാരുടെ യാത്ര അനിശ്ചിതമായി മുടങ്ങും. സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് ഇപ്പോൾ ഇന്ത്യക്കാർക്ക് പോകാൻ കഴിയുന്ന സാഹചര്യമില്ല. ഇപ്പോൾ ഒമാൻ കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ പ്രവാസികളുടെ തൊഴിൽ പ്രതിസന്ധി കൂടും.