കോവിഡ് വ്യാപനം; ഒറ്റദിവസം 3.14 ലക്ഷം പേര്‍ക്ക് രോഗം; 2,104 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീതിദമായ നിലയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,14,835 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,104 പേർ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രദിന മരണനിരക്കാണിത്.

 

ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി. മരണ സംഖ്യ 1,84,657 ആയി. നിലവിൽ ഇന്ത്യയിൽ 22,91,428 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1.34 കോടിയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,041 ആയിരുന്നു.

മുൻപ് ലോകത്ത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ രോഗബാധാ നിരക്ക് അമേരിക്കയിലാണ്. 2021 ജനുവരി എട്ടിന് റിപ്പോർട്ട് ചെയ്ത 3,07,581 കേസുകളാണ് അത്. ഇതിനെ മറികടക്കുന്നതാണ് ഇന്ത്യയിലെ കണക്ക്. ഇന്ത്യയിൽ ഒരു ലക്ഷം കടന്നത് ഏപ്രിൽ നാലിന് ആണ്. അവിടെനിന്ന് വെറും 17 ദിവസംകൊണ്ടാണ് കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. ഇക്കാലത്തെ പ്രതിദിന വർധന 6.76 ശതമാനമായിരുന്നു.