Fincat

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി.

റോം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഇറ്റലി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയിൽ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുന്ന ഉത്തരവിൽ ഒപ്പിട്ടുവെന്ന് ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്പെറൻസ ട്വിറ്ററിലൂടെ അറിയിച്ചു.

 

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള ഇറ്റാലിയൻ പൗരന്മാർക്ക് രാജ്യത്തേക്ക് മടങ്ങാൻ സാധിക്കും. എന്നാൽ, ഇറ്റലിയിൽ എത്തിയാൽ അവർ ക്വാറന്റീനിൽ പോകേണ്ടിവരുമെന്നും റോബർട്ടോ സ്പെറൻസ പറഞ്ഞു. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്തവർ പരിശോധനയ്ക്ക് വിധേയരാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

ഇന്നലെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയ ജർമനി രാജ്യത്തെ ഹൈ റിസ്ക് പട്ടികയിൽ പെടുത്തുകയും ചെയ്തിരുന്നു. നേരത്തെ അമേരിക്ക, ബ്രിട്ടൻ, കുവൈത്ത്, ഫ്രാൻസ്, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു.