മെയ് മുതൽ 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമെന്ന് കർണാടക

ബംഗളൂരു: പതിനെട്ടു വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് മെയ് ഒന്നുമുതൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കർണാടക. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സർക്കാർ നടത്തുന്ന എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിനുകൾ ലഭ്യമാകുമെന്നും ബുധനാഴ്ച മുതൽ യോഗ്യരായവർ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

 

 

പതിനെട്ടു മുതൽ 44 വയസു വരെ പ്രായമുള്ളവർക്ക് കേന്ദ്ര സർക്കാർ സൗജന്യ വാക്സിൻ നൽകില്ലെന്ന് ഉറപ്പായിരുന്നു. ഈ പ്രായപരിധിയിൽ ഉള്ളവർക്ക് സംസ്ഥാന സർക്കാരുകളോ സ്വകാര്യ ആശുപത്രികളോ വാങ്ങുന്ന വാക്സിൻ മാത്രമേ ലഭിക്കൂ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.

കേരളം, മഹാരാഷ്ട്ര, ഡൽഹി, അസം എന്നീ സംസ്ഥാനങ്ങൾ വാക്സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പട്ടികയിലേക്കാണ് ഇപ്പോൾ കർണാടകയും ചേരുന്നത്. പ്രതിരോധ കുത്തിവയ്പ് സൗജന്യമാക്കുന്നതിലൂടെ കൂടുതൽ ആളുകളെ വാക്സിനേഷന് പ്രേരിപ്പിക്കാനും അങ്ങനെ കോവിഡിന് എതിരെ പ്രതിരോധം ശക്തമാക്കാൻ കഴിയുമെന്നും സർക്കാരുകൾ കരുതുന്നു.