വോട്ടെണ്ണലിന് ജില്ലയില്‍ 13 കേന്ദ്രങ്ങള്‍
നിയമസഭാ/ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയില്‍ പ്രത്യേകം തയ്യാറാക്കിയ 13 കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയിലെ 16 നിയമസഭാ മണ്ഡലേക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ മേലങ്ങാടി ജി.വി.എച്ച്.എസ്.എസിലും ഏറനാട്, മഞ്ചേരി മണ്ഡലത്തിലെ വോട്ടെണ്ണല്‍ മലപ്പുറം ഗവ. കോളജിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലേത് ചുങ്കത്തറ മാര്‍ത്തോമ കോളജിലും പെരിന്തല്‍മണ്ണ മണ്ഡലത്തിലേത് ഗവ. ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസ് പെരിന്തല്‍മണ്ണയിലും മങ്കട മണ്ഡലം പെരിന്തല്‍മണ്ണ ഗവ. മോഡല്‍ എച്ച്.എസ്.എസിലും മലപ്പുറം മണ്ഡലം മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിലും വേങ്ങര മണ്ഡലം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും വള്ളിക്കുന്ന് മണ്ഡലം തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലും തിരൂരങ്ങാടി മണ്ഡലം കെ.എം.എം.ഒ അറബിക് കോളജ് തിരൂരങ്ങാടിയിലും താനൂര്‍, തിരൂര്‍ മണ്ഡലം തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്കിലും കോട്ടക്കല്‍ മണ്ഡലം തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, തവനൂര്‍ മണ്ഡലം കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലും പൊന്നാനി മണ്ഡലം എ.വി.എച്ച്.എസ്.എസ് പൊന്നാനിയിലും നടക്കും.
വോട്ടെണ്ണലിന് ജില്ലയില്‍ 3716 ഉദ്യോഗസ്ഥരാണ് നിയമിതരായിട്ടുള്ളത്. 1186 മൈക്രോ ഒബ്സര്‍വര്‍മാര്‍, 1628 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 902 അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൗണ്ടിങിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ടേബിളില്‍ മൂന്ന് ഉദ്യോഗസ്ഥരാണുണ്ടാകുക. സൈനികരുടെ തപാല്‍ വോട്ടെണ്ണുന്നതിന് മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് പുറമെ രണ്ട് അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെണ്ണുന്നതിനൊപ്പം മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളും എണ്ണും. ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റില്‍ എണ്ണും. തപാല്‍ വോട്ടെണ്ണുന്നതിനായി കലക്ടറേറ്റില്‍ പ്രത്യേക കേന്ദ്രം സജ്ജമായിട്ടുണ്ട്. വോട്ടെണ്ണല്‍ ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്.