പ്രാണവായു കിട്ടാതെ പിടയുന്നവര്‍ക്കായി ഒരു കോടിയുടെ ഓക്‌സിജന്‍ ‘സക്കാത്ത്’
കഴിഞ്ഞ ഒരൊറ്റ ആഴ്ച മാത്രം 85 ലക്ഷം രൂപ വിലവരുന്ന 400 മെട്രിക് ടണ്‍ മെഡിക്കല്‍ ലിക്വിഡ് ഓക്‌സിജനാണ് ഇദ്ദേഹം നാഗ്പൂരിലും പരിസരത്തുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചത്.
നാഗ്പൂര്‍: പ്രാണവായു കിട്ടാതെ കൊവിഡ് രോഗികള്‍ നാടെങ്ങും പിടഞ്ഞുമരിക്കുന്നതിനിടെ, ഒരു കോടിയിലേറെ രൂപ വിലവരുന്ന മെഡിക്കല്‍ ലിക്വിഡ് ഓക്‌സിജന്‍ സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും എത്തിച്ചുകൊടുക്കുകയാണ്, മനുഷ്യസ്‌നേഹിയായ ഈ ബിസിനസുകാരന്‍. പേര് പ്യാരേഖാന്‍. നാഗ്പൂരാണ് സ്വദേശം. ഓട്ടോറിക്ഷ ഓടിച്ചും ചേരികള്‍ക്കടുത്ത് ഓറഞ്ചു വിറ്റും ജീവിതം തുടങ്ങിയ ഇദ്ദേഹമിന്ന് 400 കോടി രൂപ ആസ്തിയുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയുടെ ഉടമയാണ്.
കഴിഞ്ഞ ഒരൊറ്റ ആഴ്ച മാത്രം 85 ലക്ഷം രൂപ വിലവരുന്ന 400 മെട്രിക് ടണ്‍ മെഡിക്കല്‍ ലിക്വിഡ് ഓക്‌സിജനാണ് ഇദ്ദേഹം നാഗ്പൂരിലും പരിസരത്തുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചത്. ആ ഓക്‌സിജന്‍ ശ്വസിച്ചാണ് നൂറുകണക്കിന് രോഗികള്‍ ജീവന്‍ തിരിച്ചുപിടിച്ചത്. ഈ ഓക്‌സിജനുള്ള തുക വേണ്ടെന്നാണ് അദ്ദേഹം സര്‍ക്കാര്‍ അധികൃതരെ അറിയിച്ചത്. ‘ആ പണം എനിക്ക് വേണ്ട. ഈ റമദാനിലെ എന്റെ സക്കാത്താണ് (ദാനകര്‍മ്മം) ആ ഓക്‌സിജന്‍’-പ്യാരേ ഖാന്‍ പറയുന്നു.
ഇതുപോലൊരു സമയത്ത്, എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ക്ക് ഓക്‌സിജന്‍ കിട്ടണം. ഞാന്‍ ജീവിക്കുന്ന സമൂഹത്തോടുള്ള എന്റെ ഉത്തരവാദിത്തമാണ് അത്. ദൈവത്തിന് നന്ദി, ഇതിനുള്ള ആസ്തി എനിക്കുണ്ടായതില്‍’-പ്യാരേഖാന്‍ ടൈം ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എയിംസ്, നാഗ്പൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, ഇന്ദിരാ ഗാന്ധി ഗവ. മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലേക്ക് 116 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ എത്തിക്കാനുള്ള 50 ലക്ഷം രൂപയുടെ പദ്ധതിയും ഇദ്ദേഹത്തിന്‍േറതായുണ്ട്. ആവശ്യമെങ്കില്‍ ബ്രസല്‍സില്‍നിന്നും ടാങ്കറുകള്‍ ഇറക്കുമതി ചെയ്യാമെന്നും അദ്ദേഹം പറയുന്നു.
നാഗ്പൂരിലെ താജ് ബാഗ് ചേരിപ്രദേശത്തെ ചെറുകിട കച്ചവടക്കാരന്റെ മകനായ പ്യാരേഖാന്റെ വിജയകഥ അഹമ്മദാബാദ് ഐ ഐ ടിയുടെ കേസ് സ്റ്റഡികളില്‍ പെട്ടതാണ്. ഒരു പതിറ്റാണ്ട് മുമ്പ് അദ്ദേഹമാരംഭിച്ച ആംഷി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഇപ്പോള്‍ 1200 ലേറെ ജീവനക്കാരുണ്ട്. ഇന്ത്യയിലാകെ രണ്ടായിരം ട്രക്കുകള്‍ ഓടിക്കുന്ന കമ്പനിക്ക് നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്.
ബംഗ്‌ളുരുവില്‍നിന്നും മൂന്നിരട്ടി വാടക കൊടുത്താണ് മൂന്ന് ക്രയോജനിക് ഗ്യാസ് ടാങ്കറുകള്‍ പ്യാരേഖാന്‍ വാടകക്കെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ലിക്വിഡ് ഓക്‌സിജന്‍ എത്തിക്കുന്നതിനായി ഓരോ ട്രിപ്പിനും 14 ലക്ഷം രൂപ നല്‍കേണ്ടി വന്നു. ”ടാങ്കുകള്‍ കിട്ടുക എന്നത് വലിയ വെല്ലുവിളിയാണ് ഇപ്പോള്‍. വിവിധ ഇടങ്ങളില്‍നിന്നും ടാങ്കറുകള്‍ വരുത്തി കൊവിഡ് രോഗം പടര്‍ന്നുപിടിച്ച റായ്പൂര്‍, റൂര്‍ക്കല, ഭിലായി എന്നിവിടങ്ങളിലേക്ക് അയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.’-അദ്ദേഹം പറഞ്ഞു.