1 മുതൽ 9 വരെ ക്ലാസ് വിദ്യാർഥികൾക്കു ‘വീട്ടുപരീക്ഷ’; ഉത്തരങ്ങളെഴുതി നൽകേണ്ടത് മേയ് 10ന് അകം

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു പരീക്ഷ ഒഴിവായ 1 മുതൽ 9 വരെ ക്ലാസ് വിദ്യാർഥികൾക്കു ‘വീട്ടുപരീക്ഷ’ തുടങ്ങുന്നു. കുട്ടികളുടെ പഠനനിലവാരം അളക്കാൻ വിദ്യാഭ്യാസ വകുപ്പു തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം തുടങ്ങി. 8, 9 ക്ലാസുകളിലെ കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പുസ്തകരൂപത്തിലുള്ള രേഖ നൽകുന്നത്. മേയ് 10ന് അകം ഉത്തരങ്ങളെഴുതി തിരികെ നൽകണം. പിന്നീട് അധ്യാപകർ മൂല്യനിർണയം നടത്തും.

എല്ലാ വിഷയങ്ങളിലെയും പ്രധാന പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിലുള്ള പഠനപ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പതിവു പരീക്ഷ പോലെ നേരിട്ടുള്ള ചോദ്യോത്തരമെഴുത്തിനു പകരം കുട്ടികളുടെ ക്രിയാത്മക കഴിവു പ്രയോഗിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ. ഉത്തരമെഴുതാൻ കുട്ടികൾക്കു രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ സഹായം തേടാം. ഓരോ വിഷയത്തിലും ശരാശരി 20 പ്രവർത്തനങ്ങളുണ്ട്.

 

അധ്യാപകരുടെ ആശങ്ക

ഒരു പുസ്തകത്തിൽത്തന്നെ എല്ലാ വിഷയങ്ങളുടെയും ഉത്തരമെഴുതുന്നതിനാൽ 10 ദിവസം കൊണ്ട് എല്ലാ കുട്ടികളുടെയും മൂല്യനിർണയം പൂർത്തിയാക്കുന്നതു പ്രായോഗികമല്ലെന്നാണ് അധ്യാപകരുടെ പരാതി. പുസ്തകങ്ങൾ അധ്യാപകർ പരസ്പരം കൈമാറുന്നതു സുരക്ഷിതമാണോ എന്ന ആശങ്കയുമുണ്ട്.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

കോവിഡ് സാഹചര്യങ്ങളിൽ കുട്ടികളുടെ പഠനനിലവാരം അളക്കാനുള്ള മാർഗമാണു പഠനമികവുരേഖ. വീട്ടിലിരുന്നു സ്വന്തമായി ഉത്തരമെഴുതാൻ കുട്ടികളെ പ്രേരിപ്പിക്കുക. സംശയങ്ങൾ തീർത്തുകൊടുക്കുകയോ അധ്യാപകരുടെ സഹായം തേടുകയോ ചെയ്യുന്നതിൽ തെറ്റില്ല. അധ്യാപകർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ എല്ലാ വിഷയങ്ങളും എഴുതിത്തീർക്കുന്നുവെന്ന് ഉറപ്പുവരുത്തുക.