കോഡൂര്‍ പഞ്ചായത്തില്‍ കോവിഡ് വാക്‌സിനേഷന് കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കണം
മലപ്പുറം : രൂക്ഷമായ കോവിഡ് 19 രണ്ടാം ഘട്ട വ്യാപനത്തില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിച്ച് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കോഡൂര്‍ പഞ്ചായത്ത് ഭരണ സമിതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. 10200 പേര്‍ക്കാണ് ഈ പഞ്ചായത്തില്‍ വാക്‌സിനേഷന്‍ നല്‍കേണ്ടത്. ഇതില്‍ 2950 പേര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നല്‍കിയിട്ടുള്ളത്.
കോഡൂര്‍ പി എച്ച് സിയില്‍ മാത്രമാണ് ഇപ്പോള്‍ ഇതിന് ഏക ആശ്രയം. ഇതുമൂലം ആളുകളെറെ പ്രയാസപ്പെടുകയാണ്. വാക്‌സിനെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി ചെയ്യുമ്പോള്‍ കോഡൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് മറ്റു സ്ഥലങ്ങളിലേക്ക് വാക്‌സിനെടുക്കാന്‍ പോകേണ്ട സ്ഥിതിയാണുള്ളത്. ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്റെ ഷെഡ്യൂള്‍ യഥാസമയം ആളുകള്‍ക്ക് ലഭിക്കുന്നില്ല. ഇതുമൂലം കൃത്യമായി വാക്‌സിനേഷനെടുക്കാന്‍ കഴിയുന്നില്ല. കോവിഡ് വാക്‌സിനേഷനു വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സ്‌പോട്ട് രജിസ്‌ട്രേഷനാക്കി മാറ്റണമെന്നും പഞ്ചായത്തിന്റെ വിവിധ കേന്ദ്രത്തില്‍ മതിയായ സൗകര്യത്തോട് കൂടി ആവശ്യമായ വാക്‌സിന്‍ എത്തിച്ച് കുത്തിവെപ്പ് നടത്താനുള്ള അനുമതി നല്‍കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ എന്‍ ഷാനവാസ് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.