വോട്ടെണ്ണല്‍ ഡ്യൂട്ടിയുള്ളവര്‍ക്കുള്ള കോവിഡ് ടെസ്റ്റ് ജില്ലയില്‍ ആരംഭിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് / മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരും രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കോവിഡ് ടെസ്റ്റ് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ജില്ലയില്‍ ഏഴ് താലൂക്കുകളിലായി പ്രത്യേകം ഒരുക്കിയ എട്ട് കേന്ദ്രങ്ങളിലാണ് കോവിഡ് ടെസ്റ്റ് ആരംഭിച്ചത്. ഇന്ന് (ഏപ്രില്‍ 30) രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് ടെസ്റ്റ് നടത്തുന്നത്. ഏറനാട് താലൂക്കില്‍ മലപ്പുറം ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിലും മഞ്ചേരി ടൗണ്‍ ഹാളിലും നടക്കും. കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും നിലമ്പൂര്‍ താലൂക്കില്‍ ജി. യു. പി. എസ് നിലമ്പൂരിലും പെരിന്തല്‍മണ്ണ താലൂക്കില്‍ അലങ്കാര്‍ ഓഡിറ്റോറിയത്തിലും തിരൂര്‍ താലൂക്കില്‍ തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തിലും തിരൂരങ്ങാടി താലൂക്കില്‍ വെന്നിയൂര്‍ ജി.എം.യു.പി സ്‌കൂളിലും പൊന്നാനി താലൂക്കില്‍ എം. ഇ. എസ് കോളജ് പൊന്നാനിയിലുമാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിന്റെ രേഖസഹിതം ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ഏജന്റുമാരും കോവിഡ് ടെസ്റ്റിന് ഹാജരാകണം. ടെസ്റ്റിന് ഹാജരാകുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.