വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എൽഡിഎഫിന്റെ നിലപാടിന് കിട്ടിയ അംഗീകാരമാണിതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ നേരനുഭവത്തെ മുൻനിർത്തിയാണ് അവർ എൽഡിഎഫ് സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എൽഡിഎഫിന്റെ നിലപാടിന് കിട്ടിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമാണ്. ഇതിന്റെ നേരവകാശികൾ കേരള ജനതയാണ്. വിജയത്തെക്കുറിച്ച് എന്താണ് ഇത്ര ഉറപ്പ് എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങൾ ജനങ്ങളെയും ജനങ്ങൾ ഞങ്ങളെയും വിശ്വസിക്കുന്നുണ്ട് എന്നാണ് അപ്പോഴൊക്കെ നൽകിയ മറുപടി. അത് തീർത്തും അന്വർഥമാകുംവിധമാണ് തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്..

ഒരുപാട് പ്രതിസന്ധികളെ മറികടന്നുകൊണ്ടാണ് സർക്കാരിന് മുന്നോട്ട് പോകേണ്ടിയിരുന്നത്. അക്കാര്യത്തിൽ ജനങ്ങൾ പൂർണമായും എൽഡിഎഫിന് ഒപ്പമുണ്ടായിരുന്നു. ആ ജനങ്ങൾ ഇനിയുള്ള നാളുകളിലും എൽഡിഎഫിന് ഒപ്പമുണ്ട് എന്നാണ് ഈ ജനവിധിയിലൂടെ തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ സർക്കാരിനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും അംഗീകരിച്ചിരിക്കുകയാണ്.

 

കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ നമ്മെ ബാധിക്കുന്നതുണ്ട്. കെടുതികളും ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളും അതിജീവിക്കാൻ നടത്തിയ ശ്രമം നാടും നാട്ടുകാരും കണ്ടതാണ്. അതുകൊണ്ടുതന്നെ എൽഡിഎഫ് നേതൃത്വം കൊടുക്കുന്ന സർക്കാർ ഇത്തരമൊരു ആപൽ ഘട്ടത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ നേരിട്ട് അനുഭവമുള്ളവരാണ് ജനങ്ങൾ. നാടിന്റെ വികസനത്തിന് എൽഡിഎഫിന്റെ തുടർഭരണം വേണം. പൂർത്തിയാക്കാനുള്ള പദ്ധതികൾ പൂർത്തീകരിക്കാൻ എൽഡിഎഫ് വീണ്ടും വരണമെന്നും ജനങ്ങൾ ആഗ്രഹിച്ചത്.

എൽഡിഎഫ് നടപ്പാക്കാവുന്ന കാര്യങ്ങൾ മാത്രമേ പറയൂ, പറയുന്ന കാര്യങ്ങൾ നടപ്പാക്കും എന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. ഏതെങ്കിലും മാധ്യമങ്ങൾ നടത്തിയ പ്രചരണംകൊണ്ട് ഉണ്ടായതല്ല. സ്വന്തം ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായതാണ്. അതുകൊണ്ടാണ് നമ്മുടെ നാടിന്റെ ഭാവി താൽപര്യത്തിന് എൽഡിഎഫ് തുടർ ഭരണത്തിന് വേണമെന്ന് ജനങ്ങൾ തീരുമാനിച്ചത്.

 

മതനിരപേക്ഷത സംരക്ഷിക്കണമെങ്കിൽ വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത ഒരു വിഭാഗം കേരളത്തിൽ ഉണ്ടാകണമെന്ന് ജനങ്ങൾ തീരുമാനിച്ചു. വർഗീയ ശക്തികളുടെ സ്വഭാവം കേരളത്തിലും ഉയർത്തിക്കൊണ്ടുവരാൻ നമ്മുടെ നാട്ടിലെ വർഗീയ ശക്തികൾ ആഗ്രഹിക്കുന്നു. അതിനോടൊക്കെ വിട്ടുവീഴ്ച ചെയ്യാത്ത ഒരു സർക്കാർ ഇവിടെ ഉണ്ടായി എന്നതുകൊണ്ടാണ് ഭീതിജനകമായ ഒരു വർഗീയ സംഘർഷവും കേരളത്തിൽ ഉണ്ടാകാതിരുന്നത്. അതുകൊണ്ടാണ് ജനങ്ങൾ എൽഡിഎഫിന് തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

എന്തോ കുറേ സീറ്റുകൾ നേടാൻ പോകുന്നു എന്ന ധാരണയാണ് ബിജെപി ഇവിടെ നടത്തിയത്. ഒരു പൊതു പ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. ബിജെപിയുടെ അക്കൗണ്ട് ഈ തിരഞ്ഞെടുപ്പിൽ ക്ലോസ് ചെയ്യും എന്ന് ഞങ്ങൾ പറഞ്ഞത് അതുകൊണ്ടാണ്. യഥാർഥ സ്ഥിതി തിരിച്ചറിയേണ്ട സമയമാണ് ഇപ്പോൾ. അത് ഈ കേരളത്തിന്റെ പ്രത്യേകതയാണ്. മറ്റു ചില സംസ്ഥാനങ്ങളിലേതുപോലുള്ള രീതി ഇവിടെ എടുത്താൽ അത് ചെലവാകുന്ന മണ്ണല്ല കേരളം, ഇക്കാര്യം ഈ തിരഞ്ഞെടുപ്പ് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.