തീരദേശത്ത് വച്ച് പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
താനൂർ: തീരദേശത്ത് വച്ച് പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ത്വാഹാബീച്ച് സ്വദേശി കാളാട്ടുവീട്ടിൽ നാസറിന്റെ മകൻ നാസിഫാ(20)ണ് താനൂർ പൊലീസ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് എട്ടോടെ ത്വാഹാ ബീച്ചിൽ വച്ചാണ് കേസിനാസ്പദമായ സംഭവം.
എസ്ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിങ്ങിന്റെ ഭാഗമായി ഒട്ടുംപുറത്തുനിന്ന് വാഴക്കത്തെരു ഭാഗത്തേക്ക് വരുന്നതിനിടെയാണ് ഇരുപതോളം പേർ, മരവടി തുടങ്ങിയ മാരകായുധങ്ങളുമായി ത്വാഹാബീച്ച് ഭാഗത്ത് തമ്പടിച്ചിരിക്കുന്നത് കണ്ടത്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഇവരോട് പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
എന്നാൽ കൂട്ടം കൂടിയവർ പിരിഞ്ഞുപോകാതെ അതേ സ്ഥലത്ത് നിന്നു. ഇതോടെ വിരട്ടി യോടിക്കാൻ ശ്രമിച്ചതോടെ പോലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ എസ്ഐ കെ ജെ ജനേഷിന്റെ മൂക്കിന് പരിക്കേറ്റു. ആവശ്യത്തിന് ഫോഴ്സ് ഇല്ലാത്തതിനാൽ പൊലീസ് പിന്തിരിയുകയായിരുന്നു. പരിക്കേറ്റ എസ്ഐ കെ ജെ ജിനേഷ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.